വിവാഹമോചനം നേടിയ ഭാര്യയെ പാഠംപഠിപ്പിക്കാൻ മുൻ ഭർത്താവ്; ജീവനാംശമായി കോടതിയിൽ എത്തിച്ചത് 20 ചാക്ക് നാണയങ്ങൾ
Mail This Article
കോയമ്പത്തൂർ ∙ വിവാഹമോചനം നേടിയ ഭാര്യയെ പാഠംപഠിപ്പിക്കാൻ മുൻ ഭർത്താവ് കോടതി മുൻപാകെ ജീവനാംശ തുക നൽകിയത് നാണയങ്ങളായി. വിവാഹമോചിതന്റെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി നാണയങ്ങൾ നോട്ടാക്കി കോടതിയിൽ സമർപ്പിക്കാൻ ഉത്തരവിട്ടു. കോയമ്പത്തൂർ കുടുംബകോടതിയിൽ വ്യാഴാഴ്ചയാണു മുൻ ഭാര്യയ്ക്ക് തന്നെ ചിരി ഉണർത്തിയ സംഭവം നടന്നത്.
2 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന വിധി അനുസരിച്ച് കോടതിയിലേക്ക് വടവള്ളി സ്വദേശിയായ മുപ്പത്തിയഞ്ചുകാരൻ കാറിൽ പണവുമായി വന്നു. വിവാഹമോചിതയും കുടുംബാംഗങ്ങളും കോടതിയിൽ എത്തിയിരുന്നു. 1,20,000 രൂപ നോട്ടുകളായി നൽകിയ യുവാവ് ബാക്കി തുക ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നാണയങ്ങളായി ഇരുപതോളം ചാക്കുകളിൽ കോടതിക്കുള്ളിൽ എത്തിച്ചു.
കോടതിയിൽ ഉണ്ടായിരുന്നവർ ആദ്യം അന്തംവിട്ടുവെങ്കിലും വിവരം അന്വേഷിച്ച കുടുംബകോടതി ജഡ്ജി ഇടപെട്ട് നാണയങ്ങൾ നോട്ടുകളാക്കി കോടതിയെ ഏൽപിക്കണമെന്ന് യുവാവിനു താക്കീതു നൽകി. കേസ് അടുത്തദിവസം പരിഗണിക്കുമ്പോൾ ജീവനാംശം പൂർണമായും നോട്ടുകൾ ആക്കി സമർപ്പിക്കണമെന്ന് ഉത്തരവിട്ടതോടെ നാണയങ്ങളുമായി യുവാവ് മടങ്ങി. കഴിഞ്ഞവർഷമാണു വിവാഹമോചന കേസ് കോടതിയിലെത്തിയത്.