പോഷകസമ്പുഷ്ട അരിക്ക് ജിഎസ്ടി 5 ശതമാനമാക്കി
Mail This Article
ന്യൂഡൽഹി ∙ പോഷകസമ്പുഷ്ടമാക്കിയ (ഫോർട്ടിഫൈഡ്) അരിക്കും ജനിതക രോഗങ്ങൾക്കുള്ള ജീൻ തെറപ്പി ചികിത്സാരീതിക്കും ചെലവ് കുറയും. ഫോർട്ടിഫൈഡ് അരിയുടെ 18% ജിഎസ്ടി 5 ശതമാനമായി കുറയ്ക്കാൻ 55–ാമത് ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. മസ്കുലർ ഡിസ്ട്രോഫി, ഹീമോഫീലിയ പോലെയുള്ള ജനിതക രോഗങ്ങൾക്കുള്ള ജീൻ തെറപ്പിയുടെ ജിഎസ്ടി പൂർണമായും ഒഴിവാക്കി. വിളർച്ചയും മറ്റും ഒഴിവാക്കാനാണ് പോഷകങ്ങളും വൈറ്റമിനുകളും ചേർത്ത് സമ്പുഷ്ടീകരിച്ച അരി ഉൽപാദിപ്പിക്കുന്നത്. ഭക്ഷ്യപൊതുവിതരണ ശൃംഖലയിലൂടെ രാജ്യമാകെ ഈ അരിയാണ് നൽകുന്നത്.
കുരുമുളക്, ഉണക്കമുന്തിരി (കിസ്മിസ്) എന്നിവ കർഷകർ നേരിട്ട് വിൽക്കുമ്പോൾ ജിഎസ്ടി ബാധകമായിരിക്കില്ലെന്ന് കൗൺസിൽ വ്യക്തമാക്കി. വ്യാപാരികൾ വിൽക്കുമ്പോഴുള്ള ജിഎസ്ടി തുടരും. ഇന്റഗ്രേറ്റഡ് ജിഎസ്ടിയിൽ (ഐജിഎസ്ടി) കൃത്യത കൊണ്ടുവരണമെന്ന കേരളത്തിന്റെ ആവശ്യം കൗൺസിൽ അംഗീകരിച്ചു. ഓൺലൈനായി സേവനങ്ങൾ നൽകുമ്പോൾ കൃത്യമായി ഏതു സംസ്ഥാനത്തുള്ള വ്യക്തിക്കാണ് നൽകുന്നതെന്ന് ബില്ലിൽ രേഖപ്പെടുത്തണമെന്ന് കൗൺസിൽ വ്യക്തത വരുത്തി. ഇതു ചെയ്യാതിരുന്നതു മൂലം സംസ്ഥാനങ്ങൾക്ക് നികുതി ലഭിക്കാതിരുന്ന സാഹചര്യം ഇനി ഒഴിവാകും.
ഒറ്റനോട്ടത്തിൽ
∙ ഇലക്ട്രിക് വാഹനങ്ങളടക്കം എല്ലാത്തരം സെക്കൻഡ് ഹാൻഡ് വാഹനങ്ങളും യൂസ്ഡ് കാർ ഡീലർമാർ വഴി വിൽക്കുമ്പോഴുള്ള ലാഭത്തിന്മേൽ ഇനി 18% ജിഎസ്ടി ഈടാക്കും. നിലവിൽ 1200 സിസിക്ക് മുകളിലുള്ള പെട്രോൾ വാഹനങ്ങൾക്കും 1500 സിസിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾക്കും 18 ശതമാനമാണ്. ചെറുവാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഇതേ നിരക്കിലേക്കാണ് കൊണ്ടുവന്നിരിക്കുന്നത്. അതേസമയം, വ്യക്തികൾ തമ്മിലുള്ള വാഹനക്കൈമാറ്റത്തിന് നികുതിയില്ല. പുതിയ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള 5% ജിഎസ്ടിയിൽ മാറ്റമില്ല.
∙ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഈടാക്കുന്ന പിഴത്തുകയ്ക്കു മേൽ ജിഎസ്ടി പാടില്ല.
∙ ഉപ്പ്, മസാല തുടങ്ങിയവ ചേർത്തുള്ള പോപ്കോൺ ലൂസായി വിൽക്കുമ്പോൾ 5% നികുതിയും പാക്കറ്റിലാക്കി നൽകുമ്പോൾ 12% നികുതിയും ബാധകമായിരിക്കുമെന്ന് കൗൺസിൽ വ്യക്തത വരുത്തി. മധുരം ചേർക്കുന്ന കാരമൽ പോപ്കോണിന് നികുതി 18%. ഇവയൊന്നും പുതിയ നികുതികളല്ല.
∙ വിമാന ഇന്ധനം ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള നീക്കം കൗൺസിൽ തള്ളി. സംസ്ഥാനങ്ങളുടെ പരിമിതമായ നികുതി അധികാരങ്ങൾ നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ എതിർത്തു.
∙ സർക്കാർ പദ്ധതികളുടെ ഭാഗമായി പാവങ്ങൾക്കുള്ള സൗജന്യ വിതരണത്തിനായി തയാറാക്കുന്ന ഭക്ഷണത്തിന് 5% എന്ന കുറഞ്ഞ നികുതി മാത്രം.
∙ പകുതിയിലേറെ ‘ഫ്ലൈ ആഷ്’ ഉപയോഗിച്ച് നിർമിക്കുന്ന, കെട്ടിടനിർമാണത്തിനുള്ള കോൺക്രീറ്റ് കട്ടകൾക്ക് നികുതി 5%.
∙ പേയ്മെന്റ് അഗ്രിഗേറ്ററുകൾക്ക് 2,000 രൂപയിൽ താഴെയുള്ള ഇടപാടുകൾക്ക് ജിഎസ്ടി ഒഴിവാക്കി.
‘കേരള സെസ്’ പിന്തുടരാൻ കൂടുതൽ സംസ്ഥാനങ്ങൾ
2018 ലെ പ്രളയത്തെത്തുടർന്ന് കേരളം 1% അധികസെസ് പിരിച്ചതു പോലെ തങ്ങൾക്കും പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അനുമതി നൽകണമെന്ന് ആന്ധ്രപ്രദേശ്, ബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. കേരളം ഇതിനെ പിന്താങ്ങി. 2019 ൽ ജിഎസ്ടി കൗൺസിലാണ് 2 വർഷത്തേക്ക് അധിക നികുതി പിരിക്കാൻ കേരളത്തിന് പ്രത്യേക അനുമതി നൽകിയത്. ഇത്തരത്തിൽ അധിക നികുതി ഈടാക്കുന്നതിനായി ഏകീകൃത നയം രൂപീകരിക്കാൻ മന്ത്രിതലസമിതിയെ നിയോഗിച്ചു.