ബറോസ് അമ്മയെ കാണിക്കാൻ പറ്റാത്തത് സങ്കടം: മോഹൻലാൽ
Mail This Article
കൊച്ചി ∙ ‘അമ്മയ്ക്കു സുഖമില്ല. തിയറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണട വച്ച് ഈ ചിത്രം കാണിക്കാൻ പറ്റില്ലെന്ന സങ്കടമുണ്ട്. അമ്മയെ ബറോസിലെ പാട്ടുകളൊക്കെ കേൾപ്പിച്ചു. ചിത്രം പെൻഡ്രൈവിലാക്കി കൊണ്ടു പോയിട്ടായാലും കാണിക്കും, ഉറപ്പ്’– സിനിമ സംവിധാനം ചെയ്യുന്ന കാര്യം അറിയിച്ചപ്പോൾ അമ്മയുടെ പ്രതികരണത്തെപ്പറ്റി കുട്ടികളുടെ ചോദ്യത്തിനു നടൻ മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ. മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്നു മനോരമ നല്ലപാഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ബറോസും ആയിരം കുട്ടികളും’ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങിലാണു കൗതുകച്ചോദ്യങ്ങളുമായി കുട്ടികളെത്തിയത്.
47 വർഷം തികയുന്ന തന്റെ സിനിമാ ജീവിതത്തിലെ ആദ്യ സംവിധാന സംരംഭം കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാകണമെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നു ലാൽ പറഞ്ഞു. ‘ബറോസി’ന്റെ വിശേഷങ്ങളും മോഹൻലാൽ പങ്കുവച്ചു. ബറോസ് ട്രഷർ ഹണ്ട് മത്സരവും അരങ്ങേറി. ഒളിപ്പിച്ചു വച്ച താക്കോൽ കണ്ടെത്തി ‘ബറോസ് നിധിപ്പെട്ടി’ തുറന്നു സമ്മാനം നേടലായിരുന്നു മത്സരം.
നിർമാതാവ് ആന്റണി പെരുമ്പാവൂർ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ്, മനോരമ ഓൺലൈൻ കോഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ എന്നിവർ പ്രസംഗിച്ചു.
വിജയികൾ (നഴ്സറി)
1– ഇഷാ എസ്.ജിഷ്ണു (കോഴിക്കോട് ബിലാത്തിക്കുളം ലിറ്റിൽ ഹാർട്ട് കിൻഡർ ഗാർഡൻ ഗ്രേഡ് സ്കൂൾ)
2– അലോൻസോ ജിനു (എറണാകുളം ആലുവ രാജഗിരി ജീവാസ് സിഎംഐ കിൻഡർ ഗാർഡൻ)
3– നയോണിക സുമിത് (എറണാകുളം കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ)
സബ് ജൂനിയർ
1–കെ.ജി.ദേവ്‌യാൻ (തൃശൂർ വിജയഭാരതി എൽപി സ്കൂൾ)
2– വേദ് തീർഥ് ബിനീഷ് (കണ്ണൂർ തലശ്ശേരി അമൃത വിദ്യാലയ)
3– വൈഗ വിനോദ് (എറണാകുളം നാമക്കുഴി ജിഎച്ച്എസ്)
ജൂനിയർ
1– പി.എം.സായൂജ് (കണ്ണൂർ പയ്യന്നൂർ വെള്ളൂർ ജിഎച്ച്എസ്എസ്)
2– ഹയ ഫാത്തിമ (കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവൻ)
3– ഗായത്രി എച്ച്.ബിനോയ് (കണ്ണൂർ കൂത്തുപറമ്പ് സൗത്ത് പാട്യം യുപി)
സീനിയർ
1– ഹൻസാ ഫാത്തിമ (കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവൻ)
2– മാനസ മീര (ആലപ്പുഴ ഹരിപ്പാട് ജിജി എച്ച്എസ്)
3– എം.എം.മർഫി (എറണാകുളം തലക്കോട് സെന്റ് മേരീസ് എച്ച്എസ്എസ്)