ബഹിരാകാശ രംഗത്ത് നിർണായക ചുവടുവയ്പ്പ്; യൂറോപ്യൻ സ്പേസ് ഏജൻസിയുമായി കരാർ ഒപ്പിട്ട് ഐഎസ്ആർഒ
Mail This Article
ബെംഗളൂരു∙ ബഹിരാകാശ രംഗത്ത് കൂടുതൽ യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഐഎസ്ആർഒയും യൂറോപ്യൻ സ്പേസ് ഏജൻസിയും കരാർ ഒപ്പിട്ടു. ബഹിരാകാശയാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കൽ, ഗവേഷണ പരീക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ സഹകരണത്തിനാണ് ഇരു ഏജൻസികളും കരാർ ഒപ്പിട്ടത്. ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥും ഇഎസ്എ ഡയറക്ടർ ജനറൽ ഡോ.ജോസഫ് അഷ്ബാച്ചറുമാണ് കരാറിൽ ഒപ്പുവച്ചത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ബയോമെഡിക്കൽ ഗവേഷണ പരീക്ഷണം, ബഹിരാകാശത്തെ മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഗവേഷണം, വിദ്യാഭ്യാസ പരിപാടികൾ എന്നിവയാണ് കരാറിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഐഎസ്ആർഒ പ്രസ്താവനയിൽ പറഞ്ഞു. ഐഎസ്ആർഒയുടെ ഭാവി പദ്ധതിയായ തദ്ദേശീയ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ (ബിഎഎസ്) വിഭാവനത്തിൽ ഈ പുതിയ സഹകരണം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.