പുതുജീവൻ തേടി കോൺഗ്രസ് ബെളഗാവിയിലേക്ക്
Mail This Article
ന്യൂഡൽഹി ∙ പുതുവർഷത്തിൽ പാർട്ടിക്കു പുതുഭാവുകത്വം കണ്ടെത്താൻ കർണാടകയിലെ ബെളഗാവിയിൽ (പഴയ ബെൽഗാം) നാളെ കോൺഗ്രസ് നേതൃത്വം ‘നവ സത്യഗ്രഹ് ബൈഠക്’ നടത്തും. 2.30നു തുടങ്ങുന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അധ്യക്ഷത വഹിക്കും. ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ എന്ന മുദ്രാവാക്യമുയർത്തി 27നു 11നു വമ്പൻ റാലിയും സംഘടിപ്പിക്കും.
-
Also Read
ഇന്ത്യയെ കണ്ടെത്തൽ പരിപാടി ശ്രദ്ധേയമായി
പ്രവർത്തക സമിതി അംഗങ്ങൾക്കു പുറമേ സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, പിസിസി അധ്യക്ഷർ, പ്രതിപക്ഷ നേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ, പാർലമെന്ററി പാർട്ടി ഭാരവാഹികൾ തുടങ്ങി ഇരുനൂറോളം പ്രതിനിധികളാണു പങ്കെടുക്കുക. കോൺഗ്രസിൽ സംഘടനാ പരിഷ്കരണത്തിന്റെ വർഷമായിരിക്കും ‘2025’ എന്നു സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
ഉദയ്പുർ ചിന്തൻ ശിബിരത്തിൽ കൈക്കൊണ്ട 7 തീരുമാനങ്ങളിൽ നാലെണ്ണം ഇതിനോടകം നടപ്പാക്കിയെന്നും വേണുഗോപാൽ പറഞ്ഞു. ശേഷിക്കുന്ന ലക്ഷ്യത്തിലെത്തിക്കാനുള്ള ആസൂത്രണം യോഗത്തിലുണ്ടാകും. ബി.ആർ. അംബേദ്കറിനെതിരെ ആഭ്യന്തര അമിത് ഷാ നടത്തിയ വിവാദ പരാമർശത്തിലെ തുടർപ്രതിഷേധ പരിപാടികളെക്കുറിച്ചും ചർച്ചയുണ്ടാകും. റാലിയിൽ ഉപയോഗിക്കുന്ന ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ എന്ന മുദ്രാവാക്യം പുതുവർഷത്തിൽ പ്രധാന മുദ്രാവാക്യമായി ഉയർത്താനാണ് കോൺഗ്രസ് ശ്രമം.
ഗാന്ധി സ്മരണയിൽ പ്രവർത്തക സമിതി
സ്വാതന്ത്ര്യസമരകാലത്തുടനീളം കോൺഗ്രസിന്റെ ദീപസ്തംഭമായിനിന്ന മഹാത്മാഗാന്ധി പാർട്ടിയുടെ പ്രസിഡന്റായത് 100 വർഷം മുൻപ് ബെൽഗാം സമ്മേളനത്തിലായിരുന്നു. ഡിസംബർ 26-27 തീയതികളിലായിരുന്നു സമ്മേളനം. അതിന്റെ അനുസ്മരണാർഥം നടക്കുന്ന പ്രവർത്തക സമിതിയുടെ യോഗ വേദിക്കു ഗാന്ധിനഗർ എന്നു പേരിട്ടു. ഒരു തവണ മാത്രമാണ് ഗാന്ധിജി പാർട്ടിയുടെ അധ്യക്ഷ പദവിയിലിരുന്നിട്ടുള്ളത്.
നെഹ്റുവിനെ എഐസിസി ജനറൽ സെക്രട്ടറിയായി നിലനിർത്തിയതും സേവാദളിന് ഔദ്യോഗിക അംഗീകാരം നൽകിയതും ഈ സമ്മേളനത്തിലായിരുന്നു. ബെളഗാവി ഉൾപ്പെടുന്ന കർണാടകയിൽ നിന്നുള്ള മല്ലികാർജുൻ ഖർഗെയാണ് കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലുള്ളതെന്നതു പ്രത്യേകതയാണെന്നു വേണുഗോപാൽ പറഞ്ഞു.