രേഖപ്പെടുത്തിയതും എണ്ണിയതുമായ വോട്ടിൽ വ്യത്യാസം ഉണ്ടാകാം: കമ്മിഷൻ
Mail This Article
ന്യൂഡൽഹി ∙ രേഖപ്പെടുത്തിയ വോട്ടും എണ്ണിയ വോട്ടും തമ്മിൽ തിരഞ്ഞെടുപ്പുഫലത്തെ ബാധിക്കാത്ത തരത്തിലുള്ള വ്യത്യാസമുണ്ടാകാമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് സംബന്ധിച്ച് കോൺഗ്രസ് നൽകിയ പരാതിക്കുള്ള മറുപടിയിലാണിതുള്ളത്. മഹാരാഷ്ട്രയിലെ വോട്ടർപട്ടികയിൽ നിയമവിരുദ്ധമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും വിശദമായ മറുപടിയിൽ പറയുന്നു.
-
Also Read
പുതുജീവൻ തേടി കോൺഗ്രസ് ബെളഗാവിയിലേക്ക്
5 മണിയുടെ വോട്ടിങ് കണക്ക് അന്തിമ കണക്കുമായി താരതമ്യം ചെയ്യാൻ കഴിയില്ല. പല ഭാഗത്തുനിന്നുമുള്ള കണക്കുകൾ കൂട്ടിയെടുക്കുന്നതിനാൽ, രാത്രി 11.45 ആകുമ്പോഴേക്കും വോട്ടിങ് ശതമാനം ഉയരുന്നതു സ്വാഭാവികമാണ്. പോളിങ് തീരുമ്പോൾത്തന്നെ അന്തിമ കണക്കുകൾ അതതു പോളിങ് ഏജന്റുമാർക്കു നൽകാറുണ്ടെന്നതിനാൽ കണക്കുകളിൽ പിന്നീടു കൃത്രിമം കാണിക്കാൻ കഴിയില്ല.
50 നിയമസഭാ മണ്ഡലങ്ങളിൽ ജൂലൈക്കും നവംബറിനുമിടയിൽ ശരാശരി അര ലക്ഷം വീതം പുതിയ വോട്ടർമാരെ ചേർത്തുവെന്ന ആക്ഷേപം ശരിയല്ല. 6 മണ്ഡലങ്ങളിൽ മാത്രമാണ് 50,000ൽപരം വോട്ടർമാരെ ചേർത്തത്. എവിടെയും വൻതോതിൽ വോട്ടർമാരെ ചേർത്തതായോ ഒഴിവാക്കിയതായോ കണ്ടെത്തിയിട്ടില്ല – മറുപടിയിൽ പറയുന്നു.