വ്യത്യസ്തമായി ചിന്തിച്ച ഭരണാധികാരി
Mail This Article
ഡോ. മൻമോഹൻ സിങ്ങിനെ ആദ്യം കാണുന്നത് സൂനാമിക്കു പിന്നാലെയാണ്. പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം കേരള സന്ദർശനത്തിനെത്തിയതാണ്. അന്നു ഞാൻ ഡിജിപി. കൊച്ചി മേഖലയിലെ നാശനഷ്ടങ്ങൾ കാണാൻ അദ്ദേഹം ഹെലികോപ്റ്ററിൽ പുറപ്പെട്ടെങ്കിലും വീണ്ടും സൂനാമി വന്നേക്കുമെന്ന മുന്നറിയിപ്പുണ്ടായതിനാൽ ലാൻഡ് ചെയ്യാതെ തിരുവനന്തപുരത്തേക്കു മടങ്ങി. രാജ്ഭവനിലാണ് അദ്ദേഹം താമസിച്ചത്. അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണനും ഒപ്പമുണ്ടായിരുന്നു. അവിടെവച്ച് അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞു.
പിന്നാലെ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ചുമതലയേൽക്കാൻ എന്നെ ഡൽഹിയിലേക്കു വിളിച്ചു. ഒട്ടേറെ പ്രശ്നങ്ങളുള്ള കാലമായിരുന്നു അത്. അദ്ദേഹത്തിന്റെ പിന്തുണ വളരെ വലുതായിരുന്നു. ആവശ്യങ്ങളോ നിർദേശങ്ങളോ അറിയിച്ചാൽ മടിയോ ഈർഷ്യയോ ഇല്ലാതെ കേൾക്കും. പ്രശ്നങ്ങൾ ശാന്തതയോടെ കൈകാര്യം ചെയ്യും. വ്യത്യസ്തമായി ചിന്തിക്കൂ എന്ന് അദ്ദേഹം മിക്കപ്പോഴും പറഞ്ഞിരുന്നു. അതെങ്ങനെയെന്നു സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ അദ്ദേഹം രാജ്യത്തിനു കാണിച്ചുതന്നു.
പാക്കിസ്ഥാനുമായുള്ള ഇടപെടലിൽ അദ്ദേഹം വളരെ വലിയ താൽപര്യം കാട്ടി. പ്രശ്നങ്ങൾ തീർക്കാൻ വലിയ ആഗ്രഹമായിരുന്നു. പർവേസ് മുഷറഫുമായി പല തവണ ചർച്ചകൾ നടത്തി. കാര്യങ്ങൾ ഏറെ മുന്നോട്ടു പോയെങ്കിലും മുഷറഫിന് അധികാരം നഷ്ടമായതിനാൽ ശ്രമങ്ങൾ പൂർത്തിയായില്ല. ഓരോ ചർച്ചയിലും ധാരണയായ കാര്യങ്ങൾ പാക്കിസ്ഥാൻ ചെയ്യുന്നുണ്ടോ എന്ന് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഓരോന്നും സൂക്ഷ്മമായി പരിശോധിക്കാൻ ഞങ്ങളെ ചുമതലപ്പെടുത്തിയിരുന്നു.
ഒരു വർഷം മുൻപ് അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടിരുന്നു. വീൽചെയറിലാണെങ്കിലും ഡ്രോയിങ് റൂമിലെത്തി ഒരു മണിക്കൂറോളം സംസാരിച്ചു. പോരുമ്പോൾ എന്റെ കൈ പിടിച്ചു. ഒന്നിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നു പറഞ്ഞു. എനിക്കു കിട്ടിയ ഏറ്റവും വലിയ അനുമോദനമാണത്.