‘പരിഷ്കരിച്ച’ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്
Mail This Article
ന്യൂഡൽഹി ∙ 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി, രൂപയുടെ മൂല്യം കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്ന് ഏതാനും ദിവസം കഴിഞ്ഞതേയുള്ളൂ. വിദേശത്ത് സമ്പാദ്യമുള്ളവർക്ക് ഉയർന്ന വിനിമയമൂല്യം വഴി നേട്ടമുണ്ടാക്കാവുന്ന അവസരം. ധനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാർ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ഓഫിസിനു മുൻപിൽ വന്നു നിന്നു. തിരക്കിട്ട് അകത്തേക്കു പോയ മൻമോഹൻ സിങ് തിരികെ വരുമ്പോൾ, റാവുവിന്റെ പ്രൈവറ്റ് സെക്രട്ടറി രാമു ദാമോദരന്റെ ഓഫിസിലേക്കു ചെന്ന് ഒരു കവർ ഏൽപിച്ചു. എന്നിട്ടു പറഞ്ഞു, ‘ഒരു ചെക്കാണ്. ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കാൻ വേണ്ടതു ചെയ്യണം’.
വിദേശത്തു ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യം മുഴുവൻ നിക്ഷേപിച്ച വിദേശ ബാങ്ക് അക്കൗണ്ടിൽ, രൂപയുടെ മൂല്യം കുറച്ചതിലൂടെ അധികമായി ലഭിച്ച തുകയായിരുന്നു അത്. സാമാന്യം വലിയ തുകയായിരുന്നു അതെന്ന് രാമു ദാമോദരൻ ഓർക്കുന്നു. യുഎന്നിലെ യൂണിവേഴ്സിറ്റി ഓഫ് പീസ് നിരീക്ഷകനാണ് ഇപ്പോൾ രാമു ദാമോദരൻ.