സൗമ്യകാർക്കശ്യം!
Mail This Article
2004 ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ദിവസം. പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ റേസ് കോഴ്സ് റോഡിലെ (ഇന്നത്തെ ലോക് കല്യാൺ മാർഗ്) 7–ാം നമ്പർ വീട്ടിലേക്ക് അദ്ദേഹം അന്ന് മാറിയിട്ടുണ്ടായിരുന്നില്ല. സഫ്ദർജങ് റോഡിലെ പഴയ വീട്ടിലായിരുന്നു. നൂറുകണക്കിനാളുകളാണ് അന്ന് ആശംസ നേരാനെത്തിയത്. ഇവരെയെല്ലാം കണ്ടശേഷം, അദ്ദേഹം കിടന്നപ്പോൾ പുലർച്ചെ 2 കഴിഞ്ഞിരുന്നു.
അതിനു ശേഷമാണ് ഒരു അടിയന്തര സാഹചര്യം രൂപപ്പെടുന്നത്. പ്രധാനമന്ത്രിയെ ഉടനടി വിവരം അറിയിച്ചേ പറ്റൂ. കുറച്ചുനേരം മടിച്ചു നിന്ന ശേഷം അദ്ദേഹത്തെ വിളിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ഉറക്കം കളഞ്ഞതിന് ക്ഷമ ചോദിച്ച ശേഷമാണ് ഞാൻ കാര്യം പറയാൻ തുടങ്ങിയത്. വളരെ ശാന്തനായി കേട്ട ശേഷം അദ്ദേഹം പറഞ്ഞു, ‘നിങ്ങളെയെല്ലാവരെയും ബുദ്ധിമുട്ടിക്കുന്നതിന് ഞാനാണ് ക്ഷമ ചോദിക്കേണ്ടത്’. വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിൽ പോലും മറ്റുള്ളവരുടെ വികാരം മാനിക്കുന്ന വിനയാന്വിതമായ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്.
ഗ്രാമത്തിലെ ക്ഷാമം, ഭക്ഷണത്തിന്റെ വില
ഒരു ദിവസം ഞാനും സഹപ്രവർത്തകനും പ്രധാനമന്ത്രിയെ കാര്യങ്ങൾ ബ്രീഫ് ചെയ്യുകയായിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ പത്നി ഞങ്ങൾക്ക് കുറച്ച് കേക്ക് തന്നു. അന്ന് അദ്ദേഹത്തിന്റെ പിറന്നാളാണെന്ന് എസ്പിജിക്കു പോലും അറിയുമായിരുന്നില്ല. നല്ല മധുരമായിരുന്നതിനാൽ കുറച്ചു ഭാഗം മാത്രമേ കഴിച്ചുള്ളൂ. പോകാൻ തുടങ്ങിയപ്പോൾ മൻമോഹൻ തടഞ്ഞു, ‘നിങ്ങളുടെ കേക്ക് ആരു കഴിക്കും?’ കഴിക്കുന്നില്ലെങ്കിൽ പൊതിഞ്ഞു കൊണ്ടുപോകണമെന്നായി അദ്ദേഹം. താൻ ജനിച്ച ഗ്രാമത്തിൽ ഭക്ഷ്യവസ്തുക്കൾ കുറവായിരുന്നുവെന്നും ഓരോ ഗോതമ്പുമണിക്കും നന്ദിയുള്ളവനായിരിക്കണമെന്നും അദ്ദേഹം അന്നു പറഞ്ഞു.
മുരശൊലി മാരന് വേണ്ടി കാത്തിരിക്കാം!
2004 ൽ സൂനാമി ദുരന്തമുണ്ടായ അദ്ദേഹം തമിഴ്നാട്ടിൽ സന്ദർശനത്തിനെത്തി. പിറ്റേന്ന് രാവിലെ എല്ലാവരും ഹെലികോപ്റ്ററിൽ പോകാൻ തയാറെടുക്കുകയാണ്. കേന്ദ്രമന്ത്രിയായിരുന്ന ദയാനിധി മാരനും യാത്രയുടെ ഭാഗമായിരുന്നു. ഇറങ്ങാൻ തുടങ്ങിയപ്പോൾ മാരൻ മറന്നുവച്ച എന്തോ എടുക്കാനായി തിരികെ മുറിയിലേക്കു പോയി. ഈ സമയത്ത് പ്രധാനമന്ത്രി ഇറങ്ങിവന്ന് കാറിലേക്കു കയറി. ദയാനിധി മാരനു വേണ്ടി ഏതാനും മിനിറ്റ് കാക്കണമെന്ന് പറയുന്നതിനു പകരം ഞാൻ, നാക്കുപിഴ മൂലം മുരശൊലി മാരനു (ദയാനിധിയുടെ അച്ഛൻ) വേണ്ടി എന്നാണ് പ്രധാനമന്ത്രിയോട് പറഞ്ഞത്. ഒരു ചിരിയോടെ അദ്ദേഹം കാറിൽ നിന്ന് ഇറങ്ങിയിട്ടു പറഞ്ഞു, ‘മുരശൊലി മാരൻ മടങ്ങി വരുന്നതിനായി എത്ര വേണമെങ്കിലും ഞാൻ കാത്തിരിക്കാം’. മുരശൊലി മാരൻ 2003 ൽ തന്നെ മരിച്ചിരുന്നു.
മലയാളികളെക്കൊണ്ട് നിറഞ്ഞതായിരുന്നു മൻമോഹൻ സിങ്ങിന്റെ കാലത്തെ പിഎംഒ. 2005 അവസാനം എസ്പിജിയിൽ കാലാവധി പൂർത്തിയാക്കി കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ചെയർമാനായി പോകാനൊരുങ്ങുകയായിരുന്ന എന്നോട് ഒരിക്കൽ അദ്ദേഹം ചോദിച്ചു, ‘ശരിക്കും കൊച്ചിയിലേക്ക് പോകണമെന്നുണ്ടോ?’ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായി ഞാൻ. ‘എന്റെ ആശങ്കയെന്താണെന്നു വച്ചാൽ...’ സമീപത്തുള്ള മലയാളി ഉദ്യോഗസ്ഥരെ നോക്കി തമാശരൂപേണ അദ്ദേഹം തുടർന്നു, ‘കൊച്ചിയിൽ ഒരുപാട് മലയാളികളുണ്ടെന്നതാണ്.’
(മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ സുരക്ഷാ വിഭാഗമായ സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിൽ (എസ്പിജി) ഇൻസ്‌പെക്‌ടർ ജനറലായിരുന്നു ലേഖകൻ)