കന്യാകുമാരിയിൽ കണ്ണാടിപ്പാലം ഇന്ന് തുറക്കും
Mail This Article
കന്യാകുമാരി ∙ ത്രിവേണി സംഗമ തീരത്ത് തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനമായി കണ്ണാടിപ്പാലം ഇന്നു തുറക്കും. വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച കണ്ണാടിപ്പാലം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് 5.30ന് ഉദ്ഘാടനം ചെയ്യും. ബോട്ടുജെട്ടിക്കു സമീപം ശിൽപി സുദർശൻ പട്നായിക് മണ്ണ് കൊണ്ടു നിർമിച്ച തിരുവള്ളുവരുടെ പുതിയ പ്രതിമയുടെ അനാഛാദനവും മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന് കണ്ണാടിപ്പാലത്തിൽ ലേസർ ഷോ.
തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്. നാളെ രാവിലെ 9ന് ഗെസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് സാംസ്കാരിക സമ്മേളനം, കവിയരങ്ങ് എന്നിവയും നടക്കും. 37 കോടി രൂപ ചെലവിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പാണ് പാലം നിർമിച്ചത്. പാലത്തിന്റെ മധ്യത്തിൽ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് തൂക്കുപാലം മാതൃകയിലാണ് നിർമാണം.