കാർട്ടർപുരിയിലെ കാർട്ടർ; ‘ലിലിയേടത്തി’യുടെ മകൻ
Mail This Article
ഇന്ത്യയുമായി ഉറ്റബന്ധം സൂക്ഷിച്ച പ്രസിഡന്റായിരുന്നു കാർട്ടർ. 1978ൽ കാർട്ടറും ഭാര്യ റോസലിനും ഇന്ത്യ സന്ദർശിച്ചപ്പോൾ, നഴ്സായിരുന്ന അമ്മ ആതുരസേവനവുമായി പണ്ടു തങ്ങിയ ദൗലത്ത്പുർ– നാസിറബാദ് ഗ്രാമവും സന്ദർശിച്ചു. തെക്കൻ ഡൽഹിക്കടുത്തുള്ള ഈ ഗ്രാമം കാർട്ടർപുരി എന്നാണ് അറിയപ്പെടുന്നത്. ജിമ്മി ലോകപ്രശസ്തനാകുന്നതിനു മുൻപേ ഇന്ത്യയുടെ സ്നേഹാദരം പിടിച്ചുപറ്റിയിരുന്നു അമ്മ ലിലിയൻ കാർട്ടർ. സമാധാന സേനയിൽ അംഗമായി 1968 ൽ ഇന്ത്യയിൽ ആതുരസേവനത്തിനെത്തിയ സ്നേഹമയിയായ നഴ്സ് ലിലിയനെ എല്ലാവരും ‘ലിലി ബെൻ’ എന്നു വിളിച്ചു.
-
Also Read
ഷെയ്ഖ് അബ്ദുല്ലയെ അവഗണിച്ചത് വിവാദമായി
കഷ്ടിച്ചു 2 വർഷം മാത്രമാണ് അവർ ഇന്ത്യയിൽ തങ്ങിയത്. അത് ജീവിതത്തിൽ ഏറ്റവും സംതൃപ്തി നൽകിയ കാലമായിരുന്നെന്നു ലിലി പറയുമായിരുന്നു. അമ്മയായിരുന്നു ജിമ്മിയുടെ ഹീറോ. ഇന്ത്യയുടെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അന്തരിച്ചപ്പോൾ, യുഎസ് സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി അമ്മയെ അയച്ച് പ്രസിഡന്റ് കാർട്ടർ അപൂർവ മാതൃക കാട്ടി. യുഎസ് പ്രസിഡന്റ് അമ്മയെ പ്രതിനിധിയായി അയച്ചത് തന്റെ ഹൃദയത്തെ സ്പർശിച്ചതായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറഞ്ഞു. കാർട്ടർ സെന്ററിന്റെ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി പദ്ധതിയുടെ ഭാഗമായി പുണെയ്ക്കടുത്ത് ലോണാവാലയിൽ 100 വീടുകൾ വച്ചുകൊടുക്കാനായി കാർട്ടറും റോസലിനും 2006 ൽ ഇന്ത്യയിൽ വീണ്ടുമെത്തി.