ജയിലുകളിലെ ജാതിവിവേചനം തടഞ്ഞ് ഉത്തരവ്
Mail This Article
ന്യൂഡൽഹി∙ ജയിലുകളിൽ തടവുകാർക്കു നേരെ ജാതിയുടെ പേരിലുണ്ടാകുന്ന വിവേചനം നിരോധിച്ചും അതേസമയം ജാതി കോളം ഒഴിവാക്കാതെയും മാതൃകാ ജയിൽ നിയമത്തിലും ചട്ടങ്ങളിലും ആഭ്യന്തരമന്ത്രാലയം മാറ്റം വരുത്തി. ‘സ്ഥിരം കുറ്റവാളി’യുടെ നിർവചനത്തിലും ഭേദഗതി വരുത്തി.
തുടർച്ചയായ 5 വർഷത്തിനിടെ ഒന്നോ അതിലധികമോ കുറ്റത്തിനു രണ്ടോ അതിലേറെയോ തവണ തടവു ശിക്ഷ ലഭിച്ചവരെയാണ് ഇനി ‘സ്ഥിരം കുറ്റവാളി’യെന്നു വിശേഷിപ്പിക്കുക. കഴിഞ്ഞ വർഷം ഒക്ടോബർ 3നു സുപ്രീം കോടതി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി.
ജാതിവിവേചനം ഇല്ലെന്ന് ഉറപ്പാക്കും വിധം 3 മാസത്തിനകം മാതൃക ജയിൽ നിയമത്തിലും ചട്ടങ്ങളിലും കേന്ദ്ര സർക്കാർ മാറ്റം വരുത്തണമെന്നും സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും ജയിൽ ചട്ടം പരിഷ്കരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. സ്ഥിരം കുറ്റവാളികളെക്കുറിച്ചു നിർവചനം നിയമനിർമാണ സഭ നിർദേശിക്കുന്നതു മാത്രമേ പാടുള്ളുവെന്നും പറഞ്ഞിരുന്നു. ഉത്തരവു നടപ്പാക്കി റിപ്പോർട്ട് നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.