ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അക്കൗണ്ട്: 18 വയസ്സ് ആയില്ലെങ്കിൽ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം
Mail This Article
ന്യൂഡൽഹി ∙ 18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങൾ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിനു മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതം വേണമെന്ന് കരട് ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാച്ചട്ടം (ഡിപിഡിപി റൂൾസ്) നിർദേശിക്കുന്നു. വിവരസുരക്ഷാ നിയമം 2023 ഓഗസ്റ്റിൽ പാസാക്കിയെങ്കിലും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. ഫെബ്രുവരി 18 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാകും ചട്ടം അന്തിമമാക്കുക.
വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കു കുട്ടികളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കുന്നതിന് ഇളവ് നൽകും. രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകൾ വഴിയോ ഡിജിലോക്കർ വഴിയോ സമൂഹമാധ്യമങ്ങൾ പരിശോധിക്കണമെന്നാണ് കരടുവ്യവസ്ഥ. നിലവിൽ ഫെയ്സ്ബുക്കിലും മറ്റും 13 വയസ്സിനു മുകളിലുള്ളവർക്ക് സ്വന്തം നിലയിൽ അക്കൗണ്ട് സൃഷ്ടിക്കാം. എന്നാൽ, ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ ഓൺലൈൻ അക്കൗണ്ട് സ്വന്തം നിലയ്ക്ക് കുട്ടികൾക്കു തുടങ്ങാനാകാതെ വരും..
രക്ഷിതാവു നൽകുന്ന അനുമതി പിന്നീട് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുന്ന തരത്തിലുള്ള സാക്ഷ്യപ്പെടുത്തലായിരിക്കും. കുട്ടികളുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുകയാണു ലക്ഷ്യം. രക്ഷിതാക്കളുടെ അനുമതി ലഭിച്ചാലും ഈ ഡേറ്റ കുട്ടികൾക്ക് ഒരുതരത്തിലും ദോഷം ചെയ്യുന്ന തരത്തിൽ ഉപയോഗിക്കാൻ പാടില്ലെന്നു വ്യവസ്ഥയുണ്ട്.
അടുപ്പിച്ച് 3 വർഷം സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കാതിരുന്നാൽ, പ്ലാറ്റ്ഫോം ആ വ്യക്തിയുടെ നിശ്ചിത വ്യക്തിവിവരങ്ങൾ നീക്കം ചെയ്യണം. 3 വർഷം പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുൻപ് ഉപയോക്താവിനു മുന്നറിയിപ്പും നൽകണം. ഇ–കൊമേഴ്സ്, ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്കും ഇതു ബാധകമാണ്. വിവരച്ചോർച്ചയുണ്ടായാൽ പ്ലാറ്റ്ഫോമുകൾ അതിന്റെ വ്യാപ്തി, പ്രത്യാഘാതം, പരിഹാരനടപടികൾ, മുൻകരുതലുകൾ അടക്കമുള്ളവ വ്യക്തമാക്കി വ്യക്തികളെ അറിയിക്കണം