കുറഞ്ഞ പിഎഫ് പെൻഷൻ 3000 രൂപ ആക്കിയേക്കും
Mail This Article
ന്യൂഡൽഹി ∙ കുറഞ്ഞ പിഎഫ് പെൻഷൻ 3000 രൂപയായി ഉയർത്തുന്ന പ്രഖ്യാപനം കേന്ദ്ര ബജറ്റിലോ അതിനു മുൻപോ ഉണ്ടാകുമെന്നു പ്രതീക്ഷ. എന്നാൽ, വൻ സാമ്പത്തികബാധ്യത വരുമെന്നതിനാൽ വർധനയ്ക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തയാറാകുമോയെന്നു സംശയവുമുണ്ട്. ആകെയുള്ള 78.49 ലക്ഷം പിഎഫ് പെൻഷൻകാരിൽ 36.60 ലക്ഷം പേർ 1000 രൂപ മിനിമം പെൻഷൻ വാങ്ങുന്നവരാണ്.
മിനിമം പെൻഷൻ ഉയർത്തുന്നതു പഠിക്കാൻ ഇപിഎഫ് ട്രസ്റ്റി ബോർഡ് നിയോഗിച്ച ഉപസമിതി 2 തവണ യോഗം ചേർന്നെങ്കിലും റിപ്പോർട്ട് നൽകിയിട്ടില്ല. റിപ്പോർട്ട് ഇല്ലെങ്കിലും കേന്ദ്ര സർക്കാരിനോ ഇപിഎഫ്ഒയ്ക്കോ തീരുമാനമെടുക്കാം. മിനിമം പെൻഷൻ 5000 രൂപയാക്കണമെന്നു ബിഎംഎസ് അടക്കമുള്ള തൊഴിലാളിസംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പിഎഫ് പെൻഷൻ പദ്ധതിയിൽ ചേരാനുള്ള മാസശമ്പളപരിധി 15,000 രൂപയിൽനിന്ന് 25,000 ആക്കാനുള്ള ഇപിഎഫ് ട്രസ്റ്റി ബോർഡിന്റെ നിർദേശം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിലും പ്രഖ്യാപനം വൈകില്ലെന്നാണു കരുതുന്നത്. 2015ലാണ് ശമ്പളപരിധി 6500 രൂപയിൽനിന്നു 15,000 ആക്കിയത്.
30,000 രൂപ വരെ മാസശമ്പളമുള്ളവരെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്താനും കേന്ദ്രം ആലോചിക്കുന്നുണ്ട്. നിലവിൽ ഇത് 21,000 രൂപയാണ്. ഉയർന്ന പരിധി 45,000 രൂപയാക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.