കേജ്‌രിവാളിനെതിരെ തെളിവുകളില്ല; വാർത്താസമ്മേളനത്തിൽ നിന്ന് പിന്മാറി അജയ് മാക്കൻ
Mail This Article
ന്യൂഡൽഹി∙കേജ്‌രിവാളിനെ ദേശദ്രോഹിയെന്ന് വിളിച്ച കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ, കൂടുതൽ ആരോപണങ്ങളുമായി നടത്താനിരുന്ന മാധ്യമ സമ്മേളനത്തിൽ നിന്ന് പിൻമാറി. ഇന്ത്യാ സഖ്യത്തിലെ അംഗങ്ങളാണെങ്കിലും കോൺഗ്രസും എഎപിയും ഡൽഹി നിയമതിരഞ്ഞെടുപ്പിൽ സഖ്യമില്ലാതെയാണു മത്സരിക്കുന്നത്.
അജയ് മാക്കനെതിരെ നടപടിയെടുത്തില്ലെങ്കിൽ കോൺഗ്രസിനെ സഖ്യത്തിൽ നിന്നു പുറത്താക്കാൻ ആവശ്യപ്പെടുമെന്ന് നേരത്തേ എഎപി പറഞ്ഞിരുന്നു. കോൺഗ്രസ്–ബിജെപി സഖ്യമുണ്ടെന്നും പാർട്ടി ആരോപിച്ചിരുന്നു.
ക്ഷേമപദ്ധതികൾ തുടരുമെന്ന് മോദിയുടെ ഉറപ്പ്
ന്യൂഡൽഹി∙ ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തിയാൽ ജനക്ഷേമ പദ്ധതികൾ നിർത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡൽഹിയെ നാളെയുടെ നഗരമാക്കാൻ ബിജെപിക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ടു. കേജ്‌രിവാൾ കോടികളുടെ വീടു വച്ചപ്പോൾ, പാവങ്ങൾക്കു വീടു നൽകുകയാണു ബിജെപി ചെയ്തതെന്നു വെള്ളിയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനു മറുപടിയായി, ഡൽഹി നിവാസികൾക്ക് 2020ൽ നൽകിയ വാഗ്ദാനങ്ങൾ പ്രധാനമന്ത്രി പാലിച്ചോ എന്ന് കേജ്‌രിവാൾ ചോദിച്ചു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണെന്നും വ്യക്തമാക്കി.
ആദ്യ സ്ഥാനാർഥി പട്ടിക ശനിയാഴ്ച ബിജെപി പുറത്തിറക്കിയിരുന്നു. ന്യൂഡൽഹി മണ്ഡലത്തിൽ കേജ്‌രിവാളിനെതിരെ മുൻമുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനും മുൻ എംപിയുമായ പർവേഷ് സാഹിബ് സിങ് വർമയാണ് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനും എംപിയുമായിരുന്ന സന്ദീപ് ദീക്ഷിതാണ് കോൺഗ്രസ് സ്ഥാനാർഥി.