എച്ച്എംപിവി ഇന്ത്യയിൽ 5 കുഞ്ഞുങ്ങൾക്ക്; ആശങ്ക വേണ്ട
Mail This Article
ന്യൂഡൽഹി ∙ ചൈനയിൽ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്ത ഹ്യുമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ഇന്ത്യയിൽ 5 കുഞ്ഞുങ്ങൾക്കു സ്ഥിരീകരിച്ചു. ഇവരിൽ 2 കുഞ്ഞുങ്ങൾ ബെംഗളൂരുവിലാണ്; ചെന്നൈ, സേലം, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഓരോരുത്തർ. എല്ലാവരുടെയും നില തൃപ്തികരമാണ്.
ഇന്ത്യയിൽ 2001 മുതൽ തണുപ്പുകാലത്തു റിപ്പോർട്ട് ചെയ്യുന്ന രോഗമാണിതെന്നും ആശങ്ക വേണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ കഴിഞ്ഞവർഷം ഇരുപതോളം പേർക്ക് എച്ച്എംപിവി സ്ഥിരീകരിച്ചിരുന്നുവെന്നു സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ബെംഗളൂരുവിൽ 3, 8 മാസം വീതമുള്ള കുഞ്ഞുങ്ങൾക്ക് ന്യൂമോണിയയെത്തുടർന്നു നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. 3 മാസമുള്ള കുഞ്ഞ് ആശുപത്രി വിട്ടു.
ചെന്നൈ, സേലം എന്നിവിടങ്ങളിൽ പനിയും ശ്വാസതടസ്സവുമായി ആശുപത്രികളിലെത്തിയ 2 കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണ്. അഹമ്മദാബാദിലെ 2 മാസമായ കുഞ്ഞും സുഖം പ്രാപിച്ചു വരുന്നു.
5 കുഞ്ഞുങ്ങൾക്കും വിദേശയാത്രാ പശ്ചാത്തലമില്ല. ചൈനയിലെ വൈറസ് വകഭേദമാണോ ഇവിടെയുമെന്ന് അറിയാൻ പരിശോധന പുരോഗമിക്കുകയാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) അറിയിച്ചു.
വളരെ ചെറിയതോതിൽ ശ്വാസകോശ അണുബാധയുണ്ടാക്കുന്ന വൈറസാണ് എച്ച്എംപിവി. പേടിക്കേണ്ട കാര്യമില്ല. മാസ്ക് ധരിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക തുടങ്ങിയ മുൻകരുതലുകൾ മതി.
ഡോ. സൗമ്യ സ്വാമിനാഥൻ, മുൻ ചീഫ് സയന്റിസ്റ്റ്, ലോകാരോഗ്യ സംഘടന