വി.സി നിയമനം: പുതിയ വ്യവസ്ഥകളുമായി യുജിസി; ഗവർണർക്ക് അധികാരമേറും
Mail This Article
ന്യൂഡൽഹി ∙ സർവകലാശാലാ വൈസ് ചാൻസലർ നിയമനങ്ങളിൽ ചാൻസലർക്ക് കൂടുതൽ അധികാരം നൽകുന്ന നിയമപരിഷ്കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തു.
വി.സി നിയമനത്തിനുള്ള സേർച് കമ്മിറ്റിയെ നിശ്ചയിക്കുക ചാൻസലർ ആയിരിക്കുമെന്നു കരടിൽ പറയുന്നു. കേരളത്തിലെ പ്രധാന സർവകലാശാലകളിലെല്ലാം ചാൻസലർ ഗവർണറായതിനാൽ ഫലത്തിൽ വി.സി നിയമനങ്ങളിൽ ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ ലഭിക്കും. 2018 ലെ യുജിസി വിജ്ഞാപനത്തിൽ വി.സി നിയമനാധികാരം ആർക്കെന്നു കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല എന്നത് തർക്കത്തിനും കേസുകൾക്കും കാരണമായിരിക്കെയാണ് യുജിസിയുടെ പരിഷ്കാരങ്ങൾ.
കരടിലെ വ്യവസ്ഥയനുസരിച്ച് ചാൻസലർ നിർദേശിക്കുന്ന ആളാകും സേർച് കമ്മിറ്റി ചെയർപഴ്സൻ. അപേക്ഷകരിൽനിന്ന് കമ്മിറ്റി നിർദേശിക്കുന്ന 3–5 പേരിൽനിന്ന് ഒരാളെ ചാൻസലർക്കു വി.സിയായി നിയമിക്കാം. പുനർനിയമനത്തിനും അനുമതിയുണ്ട്.
സർക്കാരിന് തിരിച്ചടി
ചാൻസലറുടെയും സർക്കാരിന്റെയും യുജിസിയുടെയും പ്രതിനിധികളായി മൂന്നു പേരുള്ള സേർച് കമ്മിറ്റിയാണ് കേരള, എംജി, കാലിക്കറ്റ് സർവകലാശാലകളിലുണ്ടായിരുന്നത്. എന്നാൽ ഇതിൽ ചാൻസലർക്കു മേൽക്കയ്യുണ്ടെന്ന വിലയിരുത്തലിൽ അഞ്ചംഗം സമിതിക്കായി നിയമസഭ നിയമം പാസാക്കിയിരുന്നു. ഇതിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടില്ല. പുതിയ മാറ്റങ്ങൾ സർക്കാരിനു തിരിച്ചടിയാണ്.