വരുന്നോ വീരപ്പൻ സഫാരിക്ക് ?; 22 കിലോമീറ്റർ സഫാരിയുമായി കർണാടക വനംവകുപ്പ്
Mail This Article
ബെംഗളൂരു ∙ കാട്ടുകൊള്ളക്കാരൻ വീരപ്പൻ വിഹരിച്ചിരുന്ന സത്യമംഗലം വനത്തിലൂടെ വിനോദസഞ്ചാരികൾക്കായി കർണാടക വനംവകുപ്പ് സഫാരി ആരംഭിക്കുന്നു. കർണാടക–തമിഴ്നാട് അതിർത്തിയായ ചാമരാജ്നഗറിലെ കാവേരി വന്യജീവി സങ്കേതത്തിലൂടെ 22 കിലോമീറ്റർ ദൈർഘ്യമുള്ള സഫാരി തമിഴ്നാട് ധർമപുരിയിലെ ഹൊഗനക്കൽ വെള്ളച്ചാട്ടത്തിൽ സമാപിക്കും. വീരപ്പന്റെ ജന്മഗ്രാമമായ കൊല്ലേഗൽ ഗോപിനാഥത്തിൽ നിന്നാണ് സഫാരി ആരംഭിക്കുക. രാവിലെയും വൈകിട്ടും 2 ട്രിപ്പുകൾ. ഒരു ബസിൽ 25 പേർക്കു സഞ്ചരിക്കാൻ കഴിയും. ഗോപിനാഥത്തിൽ താമസത്തിനായി ടെന്റ് ഹൗസുകൾ ഒരുക്കും.
ഗോപിനാഥം ഗ്രാമത്തിൽ വീരപ്പന്റെ അനുയായികളായിരുന്നവർ ഇന്ന് വനംവകുപ്പിന്റെ താൽക്കാലിക ജീവനക്കാരാണ്. വികസനം എത്തിയിട്ടില്ലാത്ത ഗ്രാമത്തിൽ ടൂറിസം വളരുന്നതോടെ ഗ്രാമീണരുടെ ജീവിത നിലവാരവും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.