മഞ്ഞിൽ വിരിയും രാഷ്ട്രീയച്ചൂട്; ഡൽഹിയിൽ എഎപി, ബിജെപി, കോൺഗ്രസ് ത്രികോണ മത്സരം
Mail This Article
ന്യൂഡൽഹി ∙ മുഖ്യമന്ത്രി അതിഷിയെ മുന്നിൽനിർത്തി ഭരണത്തുടർച്ച നേടാൻ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി; കാൽനൂറ്റാണ്ടു മുൻപു നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ ബിജെപി; നില മെച്ചപ്പെടുത്തണമെന്ന വാശിയിൽ കോൺഗ്രസ്. തണുപ്പുകാലത്ത് ചൂടേറിയ ത്രികോണ മത്സരത്തിനാണ് ഡൽഹി ഒരുങ്ങുന്നത്.
-
Also Read
വിഴുപ്പലക്കി എഎപി, കോൺഗ്രസ് നേതാക്കൾ
ക്ഷേമപദ്ധതി പ്രഖ്യാപനങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞ കളത്തിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. എഎപി 70 സീറ്റിലും കോൺഗ്രസും 48ലും ബിജെപി 29ലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
അശക്ത ഗണത്തിലുള്ള ഇടതുപാർട്ടികളും എഐഎംഐഎമ്മും ഏതാനും സീറ്റിൽ മത്സരിക്കാൻ തയാറെടുക്കുന്നു. ബിഎസ്പിക്ക് എല്ലാ സീറ്റിലും സ്ഥാനാർഥിയുണ്ടാവും.
ഡൽഹിയിൽ ജനിച്ചു വളർന്ന പാർട്ടിയായ എഎപി 2015 മുതൽ പൂർണ ഭൂരിപക്ഷത്തോടെയാണ് ഭരിക്കുന്നത്. 2015 ൽ 70 ൽ 67 നേടി; 2020 ൽ 62. എഎപിയുമായുള്ള ബിജെപിയുടെ ഏറ്റുമുട്ടൽ മുന്നിൽ നിന്നു നയിക്കുന്നത് ലഫ്.ഗവർണർ വി.കെ.സക്സേന തന്നെ.
പ്രാദേശിക കോൺഗ്രസ് നേതാക്കളും എഎപിയെ ഒതുക്കാൻ തക്കം പാർക്കുന്നെങ്കിലും ഇന്ത്യ സഖ്യത്തിന്റെ താൽപര്യങ്ങൾ കണക്കിലെടുക്കുമ്പോൾ പാർട്ടി ദേശീയ നേതൃത്വം അതിനെ അനുകൂലിക്കുന്നില്ല. അതുകൊണ്ടുതന്നെ അജയ് മാക്കനെപ്പോലെയുള്ള നേതാക്കൾ തൽക്കാലം പത്തി മടക്കാൻ നിർബന്ധിതരായിരിക്കുന്നു.
ചെറുപ്പവും പ്രതിഛായയുമുൾപ്പെടെ അനുകൂല ഘടകങ്ങൾ പലതുണ്ടെങ്കിലും താൽക്കാലിക മുഖ്യമന്ത്രിയാണ് താനെന്ന് അതിഷി തന്നെ വ്യക്തമാക്കിയിരുന്നു. അപ്പോൾ, മുഖ്യമന്ത്രി സ്ഥാനാർഥി കേജ്‌രിവാൾ തന്നെ. ബിജെപിക്കും കോൺഗ്രസിനും അങ്ങനെ മുഖ്യമന്ത്രി സ്ഥാനാർഥികളില്ല. അത് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ എഎപിക്ക് മേൽക്കൈ നൽകുന്നു. എന്നാൽ, ബിജെപി പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തിറങ്ങിക്കഴിഞ്ഞു.
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ നേട്ടങ്ങൾ പറയുന്നതിനൊപ്പം പുതിയ സൗജന്യങ്ങളും എഎപി വാഗ്ദാനം ചെയ്യുന്നു. കൂടുതൽ ക്ഷേമപദ്ധതികൾക്കൊപ്പം ‘ഡബിൾ എൻജിൻ’ ആനുകൂല്യങ്ങൾ ബിജെപി മുന്നോട്ടു വയ്ക്കുന്നു.
‘പ്യാരി ദീദി യോജന’യിലൂടെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളും ഭരണവിരുദ്ധ വികാരവും സഹായിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. 1998 മുതൽ 3 തവണ ഭരിച്ച കോൺഗ്രസിന് 2015 ലും 2020 ലും ഒരു സീറ്റ് പോലും ലഭിച്ചില്ല; കഴിഞ്ഞ തവണ ആകെ 4.63% വോട്ടാണ് കിട്ടിയത്.