വിഴുപ്പലക്കി എഎപി, കോൺഗ്രസ് നേതാക്കൾ
Mail This Article
ന്യൂഡൽഹി ∙ ഡൽഹിയിൽ അധികാരം പിടിക്കാൻ ബിജെപി കൊണ്ടുപിടിച്ചു ശ്രമിക്കുന്നതിനിടെ, ആംആദ്മി പാർട്ടിയെ ലക്ഷ്യമിട്ടു ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ നടത്തുന്ന അതിരുകടന്ന പരാമർശങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി. എഎപി കൺവീനർ അരവിന്ദ് കേജ്‌രിവാൾ ദേശവിരുദ്ധനും തട്ടിപ്പുകാരനുമാണെന്ന് എഐസിസി ട്രഷറർ അജയ് മാക്കൻ വിമർശിച്ചിരുന്നു. ജാഗ്രത പുലർത്തണമെന്നു നേതൃത്വം നിർദേശം നൽകി. ആരോപണങ്ങൾ വിശദീകരിക്കാൻ വീണ്ടും പത്രസമ്മേളനം വിളിച്ചിരുന്ന അജയ് മാക്കൻ ഇത് ഒഴിവാക്കി.
നേരത്തേ ഡൽഹിയിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം എഎപി സർക്കാരിനെതിരെ നടത്തിയ യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തയാറായിരുന്നില്ല. ഇന്ത്യാസഖ്യത്തിന്റെ താൽപര്യത്തിനു വിരുദ്ധമാകും എന്നു കരുതിയായിരുന്നു ഒഴിഞ്ഞുമാറ്റം.
വിഴുപ്പലക്കലിൽ ഇന്ത്യാസഖ്യത്തിലെ മറ്റു പാർട്ടികളും അസ്വസ്ഥരാണ്. ഈ പോര് ഗുണം ചെയ്യുന്നത് ബിജെപിക്ക് ആകുമെന്ന് ശിവസേന താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് തുറന്നടിച്ചിരുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ സന്ദീപ് ദീക്ഷിത്, അൽക്ക ലാംബ എന്നിവർ യഥാക്രമം എഎപി കൺവീനർ അരവിന്ദ് കേജിരിവാളിനെയും മുഖ്യമന്ത്രി അതിഷിയെയുമാണു നേരിടുന്നത്. ഇതും ബിജെപിക്കു ഗുണമാകുമെന്ന വിലയിരുത്തലുണ്ട്.