ഗ്രാമം കടന്ന് ഐഎസ്ആർഒ തലപ്പത്തേക്ക്
Mail This Article
തിരുവനന്തപുരം ∙ ഐഎസ്ആർഒ ഇതുവരെ വികസിപ്പിച്ച എല്ലാ പ്രൊപ്പൽഷൻ സംവിധാനങ്ങളിലും ജോലി ചെയ്തിട്ടുണ്ട് ഡോ.വി.നാരായണൻ. തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി) ഡയറക്ടർ എന്ന നിലയിൽ ഇപ്പോൾ ഐഎസ്ആർഒ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളിലും അദ്ദേഹത്തിന്റെ കരസ്പർശമുണ്ട്.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ നീലക്കാട്ടുവിളൈ എന്ന ചെറിയ ഗ്രാമത്തിൽ വന്യപെരുമാളിന്റെയും തങ്കമ്മാളിന്റെയും മകനായി ജനിച്ച ഡോ.വി.നാരായണൻ നാട്ടിലെ സാധാരണ തമിഴ് മീഡിയം സ്കൂളിൽ പഠിച്ചാണു വളർന്നത്. 1984 ൽ ഐഎസ്ആർഒയിൽ പ്രവേശിച്ചതിനു ശേഷമാണ് എൻജിനീയറിങ്ങിൽ ബിരുദവും ഐഐടി ഖരഗ്പുരിൽ നിന്ന് എംടെകും എയ്റോ സ്പേസ് എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും നേടിയത്. ക്രയോജനിക് എൻജിനീയറിങ്ങിലായിരുന്നു അദ്ദേഹത്തിന്റെ എംടെക്. അതിൽ ഒന്നാം റാങ്കും നേടി.
റോക്കറ്റിന്റെ ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പൽഷൻ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട് ഡോ.വി.നാരായണൻ.
തുടർന്ന് ഐഎസ്ആർഒയുടെ ഏറ്റവും പുതിയ കെമിക്കൽ, ഇലക്ട്രിക്കൽ പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ ചുമതലയും കൈകാര്യം ചെയ്തു. ക്രയോജനിക് പ്രൊപ്പൽഷൻ സംവിധാനമുള്ള ആറാമത്തെ രാജ്യമായി ഇന്ത്യയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ചന്ദ്രയാൻ 2, 3 ദൗത്യങ്ങൾക്കാവശ്യമായ എൽ110 ദ്രവ എൻജിൻ ഘട്ടം നിർമിക്കാനും സി25 ക്രയോജനിക് ഘട്ടം നിർമിക്കാനും നേതൃത്വം നൽകി. അദ്ദേഹം നിർണായക സംഭാവനകൾ നൽകിയ ക്രയോജനിക്സ് പിന്നീട് ഐഎസ്ആർഒയുടെ നട്ടെല്ലായ സാങ്കേതികവിദ്യയായി മാറി.
ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതിൽ വന്ന വീഴ്ച പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ദേശീയതലത്തിലെ സമിതിയുടെ ചെയർമാനും നാരായണനായിരുന്നു. അനേകം സാങ്കേതികപേപ്പറുകളും പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം മികച്ച പ്രഭാഷകനുമാണ്.
ഭാര്യ: ഡോ.കവിതരാജ് (എൻഐ ഡെന്റൽ കോളജ്), മക്കൾ : പിവിയ, കലേഷ്,
പ്രധാന ഉത്തരവാദിത്തമാണ്. ഗഗൻയാൻ, ചന്ദ്രയാൻ 4, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ തുടങ്ങിയ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാനുണ്ട്. നമ്മുടെ രാജ്യത്തെ വികസിത രാജ്യമാക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ യാഥാർഥ്യമാക്കാനുണ്ട്. അതിനു വേണ്ടിയുള്ള പ്രയത്നമാണ് ചെയ്യാനുള്ളത്.
ഡോ.വി.നാരായണൻ