നിർണായക നേട്ടങ്ങളുമായി എസ് സോമനാഥ് പടിയിറങ്ങുന്നു, ഇനി ഇസ്രോ മേധാവിയായി ഡോ. വി നാരായണൻ; അറിയേണ്ടതെല്ലാം
Mail This Article
ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ്ലാൻഡ് ചെയ്തതുള്‍പ്പെടെയുള്ള വിജയകരമായ ദൗത്യങ്ങൾക്കുശേഷം ഡോ. എസ് സോമനാഥ് ഐഎസ്ആർഒയുടെ പടിയിറങ്ങുമ്പോൾ ഗഗൻയാൻ പോലെയുള്ള നിർണായക ദൗത്യങ്ങളുടെ സാരഥ്യം എറ്റെടുക്കാൻ ആ സ്ഥാനത്തേക്കു എത്തുകയാണ് ഡോ. വി നാരായണൻ. ജനുവരി 14ന് കന്യാകുമാരി സ്വദേശിയായ ഡോ. വി നാരായണൻ ഇസ്രോയുടെ ചുമതല ഏറ്റെടുക്കും. ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാം.
∙ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ (LPSC) ഡയറക്ടറായി പ്രവർത്തിക്കവെയാണ് നിർണായക ഉത്തരവാദിത്വം ഡോ. വി നാരായണനെ തേടിയെത്തുന്നത്. ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളുമുണ്ടാകും.
∙റോക്കറ്റ് & സ്പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984ലാണ് ഐഎസ്ആർഒയിൽ ചേരുന്നത്.
∙വിക്ഷേപണ റോക്കറ്റുകളുമായും ബഹിരാകാശ പേടകങ്ങളുമായും ബന്ധപ്പെട്ടു 4 പതിറ്റാണ്ടോളം അനുഭവ പരിചയമുള്ള ശാസ്ത്രജ്ഞനാണ് ഡോ. വി നാരായണൻ.
∙ഐഐടി ഖരഗ്പൂരിൽ നിന്ന് ക്രയോജനിക് എൻജിനീയറിങിൽ ഒന്നാം റാങ്കോടെ എംടെക്കും എയ്‌റോസ്‌പേസ് എൻജിനീയറിങിൽ പിഎച്ച്‌ഡിയും പൂർത്തിയാക്കി.
∙ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനിന്റെ രാജ്യാന്തര ലെവൽ ഹ്യൂമൻ റേറ്റഡ് സർട്ടിഫിക്കേഷൻ ബോർഡിന്റെ (എച്ച്ആർസിബി) തലവനാണ് ഡോ നാരായണൻ .
∙GSLV Mk III വിക്ഷേപണ വാഹനത്തിന്റെ C25 ക്രയോജനിക് പ്രോജക്ട് ഡയറക്ടറായി പ്രവർത്തിച്ചതാണ് ഡോ. നാരായണന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, സംഘം GSLV Mk III റോക്കറ്റിന്റെ നിർണായക ഘടകമായ C25 സ്റ്റേജ് വിജയകരമായി വികസിപ്പിച്ചെടുത്തു.
∙ആദിത്യ ദൗത്യം, GSLV Mk-III, ചന്ദ്രയാൻ -2, ചന്ദ്രയാൻ -3 എന്നിവയുൾപ്പെടെയുള്ള പ്രധാന ദൗത്യങ്ങളുടെ പ്രൊപ്പൽഷൻ സംവിധാനങ്ങളിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.
∙എൽപിഎസ്‌സിയുടെ ഡയറക്ടർ എന്ന നിലയിൽ, കഴിഞ്ഞ 5 വർഷത്തിനിടയിൽ, 41 വിക്ഷേപണ വാഹനങ്ങൾക്കും 31 ബഹിരാകാശ ദൗത്യങ്ങൾക്കുമായി 164 ലിക്വിഡ് പ്രൊപ്പൽഷൻ സംവിധാനങ്ങൾ തയാറാക്കിയിട്ടുണ്ട്.
∙ഡോ. നാരായണന്റെ സംഭാവനകൾ അദ്ദേഹത്തെ ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സ്വർണ്ണ മെഡൽ, ഹൈ എനർജി മെറ്റീരിയൽസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ടീം അവാർഡിന് പുറമെ ഔട്ട്‌സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ്, പെർഫോമൻസ് എക്‌സലൻസ് അവാർഡ്, ടീം എക്‌സലൻസ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങൾ കൈവരിച്ചു.