ഇന്ത്യയും അഫ്ഗാനും സഹകരിച്ച് മുന്നേറും; താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം ആദ്യ ഉന്നതതല കൂടിക്കാഴ്ച
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയും താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനും തമ്മിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി. ദുബായിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്ഗാനിസ്ഥാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയും തമ്മിൽ ഇന്നലെ കൂടിക്കണ്ടു. താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്.
സമീപഭാവിയിൽ അഫ്ഗാനിസ്ഥാനിൽ വികസന പദ്ധതികൾ ആരംഭിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു. കായിക (ക്രിക്കറ്റ്) രംഗത്തെ സഹകരണവും ശക്തിപ്പെടുത്തും.
അഫ്ഗാൻ അഭയാർഥികളെ പുനരധിവസിപ്പിക്കുന്നതിലും ഇന്ത്യ പിന്തുണ അറിയിച്ചു. എണ്ണൂറോളം അഫ്ഗാൻ അഭയാർഥികളെ പാക്കിസ്ഥാൻ തടവിലാക്കിയെന്ന വാർത്തകൾ വന്ന് മണിക്കൂറുകൾക്കുള്ളിലാണ് നിർണായകമായ വാഗ്ദാനം.
50,000 ടൺ ഗോതമ്പ്, 300 ടൺ മരുന്നുകൾ, ഭൂകമ്പവുമായി ബന്ധപ്പെട്ട് 27 ടൺ ദുരിതാശ്വാസ സാമഗ്രികൾ, 40,000 ലീറ്റർ കീടനാശിനി, 10 കോടി ഡോസ് പോളിയോ വാക്സീൻ, 15 ലക്ഷം ഡോസ് കോവിഡ് വാക്സീൻ, 11,000 ഹൈജീൻ കിറ്റുകൾ, 500 യൂണിറ്റ് തണുപ്പു വസ്ത്രങ്ങൾ, 1.2 ടൺ സ്റ്റേഷനറി കിറ്റ് എന്നിവ ഇന്ത്യ ഇതിനകം അഫ്ഗാനിസ്ഥാന് നൽകിയിട്ടുണ്ട്. വാണിജ്യ, വ്യാപാര ഇടപാടുകൾക്കായി ഇറാനിലെ ഛാബഹാർ തുറമുഖം കൂടുതലായി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു.