മുഖ്യമന്ത്രിയുടെ ബംഗ്ലാവ്: ഡൽഹിയിൽ വീണ്ടും പ്രതിഷേധം
Mail This Article
ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക വസതി കോടികൾ ചെലവഴിച്ച് മോടി പിടിപ്പിച്ചെന്ന ബിജെപി ആരോപണത്തിൽ വീണ്ടും തെരുവിൽ പ്രതിഷേധവുമായി ആംആദ്മി പാർട്ടിയും ബിജെപിയുമെത്തി. സത്യാവസ്ഥ ജനങ്ങളെ അറിയിക്കാൻ ആം ആദ്മി പാർട്ടി നേതാക്കളായ മന്ത്രി സൗരഭ് ഭരദ്വാജും രാജ്യസഭാംഗം സഞ്ജയ് സിങ്ങും മാധ്യമപ്രവർത്തകർക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം മുഖ്യമന്ത്രിയുടെയും പിന്നീട് പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികളിൽ ‘പരിശോധന’യ്ക്കെത്തി. രണ്ടിടത്തും നേതാക്കളെ പൊലീസ് തടഞ്ഞു.
ആരോപണങ്ങളെല്ലാം തെറ്റാണെന്നു തെളിയിക്കാനായിരുന്നു എഎപി നേതാക്കളുടെ ശ്രമം. പൊലീസ് തടഞ്ഞതോടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. ബിജെപി ആരോപണങ്ങൾ നുണയാണെന്നു ജനങ്ങൾക്കു മനസ്സിലായെന്നും എഎപി നേതാക്കൾ പറഞ്ഞു. തുടർന്ന്, പ്രധാനമന്ത്രിയുടെ വസതിയിലെ ആഡംബരം ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടുമെന്നു പറഞ്ഞ് അവിടേക്കു നീങ്ങിയെങ്കിലും പൊലീസ് തടഞ്ഞു. ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ താൽക്കാലിക ഔദ്യോഗിക വസതിയിലേക്കാണ് ബിജെപി മാർച്ച് നടത്തിയത്. ഔദ്യോഗിക വസതിയിൽ നിന്നു പുറത്താക്കിയെന്ന അതിഷിയുടെ വാദത്തിനെതിരെയായിരുന്നു മാർച്ച്.