ADVERTISEMENT

കണ്ണൂർ /തിരുവനന്തപുരം ∙ സ്വർണക്കടത്തു ക്വട്ടേഷൻ വിവാദത്തിൽ സിപിഎമ്മിനെ കുത്തി സിപിഐ മുഖപത്രമായ ‘ജനയുഗ’ത്തിൽ ലേഖനം. സിപിഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറാണു സിപിഎമ്മിലെ അപചയം തുറന്നു കാട്ടി ലേഖനമെഴുതിയത്.

രാമനാട്ടുകര ക്വട്ടേഷൻ കേസിൽ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളിൽ‍ ചിലർ നിയോ ലിബറൽ കാലത്തെ ഇടതു പ്രവർത്തകരാണെന്നു സന്തോഷ് കുമാർ ആരോപിക്കുന്നു. ഏതു വിധത്തിലും പണമുണ്ടാക്കാനും ആഡംബര ജീവിതം നയിക്കാനും സമൂഹ മാധ്യമങ്ങളിൽ ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ച് ‘ആണത്ത ഭാഷണങ്ങൾ’ നടത്താനും സ്വന്തം പാർട്ടിയെ അവർ അതിസമർഥമായി ഉപയോഗിച്ചു. ഈ മാറ്റം ഇടതു പ്രസ്ഥാനത്തിന്റെ ഭാവിക്ക് അപകടകരമാണ്.

കള്ളക്കടത്ത്–ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ടു ബന്ധമുള്ളവർ ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചു എന്നതു ഞെട്ടിപ്പിക്കുന്നതാണ്. ചെ ഗവാരയുടെ ചിത്രം കയ്യിലും നെ‍ഞ്ചിലും പച്ച കുത്തിയും ചെങ്കൊടി പിടിച്ചു സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടി നുറുക്കിയും അല്ല കമ്യൂണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരിൽ എത്തിക്കാൻ നിർഭാഗ്യവശാൽ ബന്ധപ്പെട്ടവർക്കു കഴിഞ്ഞില്ല – സിപിഎമ്മിനെ പേരെടുത്തു പറയാതെ സന്തോഷ് കുമാർ കുറ്റപ്പെടുത്തുന്നു.

കണ്ണൂരിലെ അക്രമരാഷ്ട്രീയ സ്വഭാവത്തിൽ വന്ന മാറ്റം ചൂണ്ടിക്കാട്ടുന്നതും സിപിഎമ്മിനെ ഉന്നമിട്ടാണ്– ‘മുൻകാലങ്ങളിൽ രാഷ്ട്രീയ പ്രശ്നങ്ങളിൽ പ്രതിരോധം തീർത്തിരുന്നത് അതതു പ്രദേശത്തെ പ്രധാന പ്രവർത്തകരായിരുന്നുവെങ്കിൽ‍ ഇപ്പോൾ പുറത്തുനിന്നുള്ള സംഘങ്ങളിലേക്ക് അതു കൈമാറി. ക്വട്ടേഷൻ സംഘങ്ങൾ രംഗത്തെത്തുകയും അവർ പാർട്ടിക്കു പുറത്തുള്ള സ്വാധീന കേന്ദ്രങ്ങളായി വളരുകയും ചെയ്തു’.

സിപിഎം സൈബർ ഗ്രൂപ്പുകളിൽ നിന്നു സിപിഐ നേതൃത്വത്തെ താറടിക്കുന്ന രീതിക്കെതിരെയും സന്തോഷ് എഴുതുന്നു: ‘അസാധാരണ നേതൃപാടവവും കമ്യൂണിസ്റ്റ് മൂല്യബോധവും ഉണ്ടായിരുന്ന സി.അച്യുതമേനോനെ പോലുള്ള നേതാക്കളെ ഇപ്പോഴും അപമാനിക്കുന്നത് ഇത്തരം ഇടങ്ങളിൽ നിന്നു തന്നെയാണ്’ .

സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന സന്തോഷ് എഐവൈഎഫ് മുൻ ദേശീയ ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസം ഫെയ്സ്ബുക് ലൈവിലും അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു.

∙ ‘കളളക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള യുവാക്കൾ ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചിരുന്നു എന്നതു ഞെട്ടലുണ്ടാക്കുന്നു.’ – പി.സന്തോഷ് കുമാർ, സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി

ക്രിമിനൽവൽക്കരണത്തെ സിപിഎം ശക്തമായി നേരിട്ടു:വിജയരാഘവൻ

തിരുവനന്തപുരം∙ എല്ലാ ദുഷ്പ്രവണതകൾക്കുമെതിരെ വലിയ ഉൾപ്പാർട്ടി സമരം നടത്തുന്ന പാർട്ടിയാണു സിപിഎം എന്ന് ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. ക്വട്ടേഷൻകാർക്കു സിപിഎം ബന്ധമെന്ന ആരോപണം നിരാകരിച്ചു ‘ദേശാഭിമാനി’യിൽ എഴുതിയ ലേഖനത്തിൽ, രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തെ പാർട്ടി ശക്തമായി കൈകാര്യം ചെയ്തെന്നു വിജയരാഘവൻ സമർഥിച്ചു.

പണത്തിനു വേണ്ടി ക്രിമിനൽ പ്രവർത്തനം നടത്തുന്നവരെ സിപിഎം ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നതു കള്ള പ്രചാരണമാണ്. രാമനാട്ടുകര കേസിൽ പ്രതിസ്ഥാനത്തു വന്ന ഒന്നോ രണ്ടോ ചെറുപ്പക്കാർ സമൂഹ മാധ്യമങ്ങളിൽ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണം നടത്തുന്നവരാണ് എന്നതിന്റെ പേരിലാണ് ഈ ആരോപണങ്ങൾ. 

ക്രിമിനൽ പ്രവർത്തനം നടത്തുന്ന ആർക്കും പാ‍ർട്ടിയുടെ സംരക്ഷണമോ സഹായമോ ലഭിക്കില്ല. കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെറ്റു തിരുത്തൽ രേഖയുടെ അടിസ്ഥാനത്തിൽ സമാനത ഇല്ലാത്ത പരിശോധനയാണു കേരളത്തിലെ പാർട്ടിയിൽ നടന്നത്. വേഗത്തിൽ പണം സമ്പാദിക്കാനുള്ള ഒരു ഇടപാടിലും അംഗങ്ങൾ പങ്കെടുക്കാൻ പാടില്ലെന്നു നിർദേശിച്ചു. 

തെറ്റു തിരുത്താൻ തയാറാകാത്തവരെ അംഗത്വത്തിൽ നിന്ന് ഒഴിവാക്കി. ക്രിമിനൽ കുറ്റത്തിനു ജയിലിൽ പോയ ഒരാളെയും സിപിഎം സ്ഥാനാർഥി ആക്കിയിട്ടില്ല– വിജയരാഘവൻ പറഞ്ഞു.

∙ ‘പി.സന്തോഷ് കുമാർ നടത്തിയ വിമർശനത്തോട് ഒന്നും പറയാനില്ല. ക്വട്ടേഷൻ സംഘങ്ങളെ സിപിഎം പ്രോത്സാഹിപ്പിക്കുന്നു എന്നതു കള്ള പ്രചാരണമാണ്.’ – എ.വിജയരാഘവൻ, സിപിഎം ആക്ടിങ് സെക്രട്ടറി

തള്ളിപ്പറയാൻ ജാഗ്രത വേണം: സി.എൻ. ചന്ദ്രൻ

കണ്ണൂർ∙ ക്വട്ടേഷൻ സംഘങ്ങൾ രാഷ്ട്രീയ നിറമുണ്ടോ എന്നു പരിശോധിക്കാൻ പ്രസ്ഥാനങ്ങൾക്കു ബാധ്യതയുണ്ടെന്നും ആരുടെയെങ്കിലും കൊടി പിടിച്ചാണ് ഇത്തരത്തിലുള്ള സംഘങ്ങൾ മുന്നോട്ടു പോകുന്നതെങ്കിൽ അവരെ തള്ളി പറയാൻ പ്രസ്ഥാനങ്ങൾ ആർജവം കാട്ടണമെന്നും സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗം സിഎൻ.ചന്ദ്രൻ പറഞ്ഞു.

സ്ത്രീധന പീഡനങ്ങൾക്കും ക്വട്ടേഷൻ– മാഫിയ സംഘങ്ങൾക്കും എതിരെ സിപിഐ കണ്ണൂർ ജില്ലയിൽ 1000 കേന്ദ്രങ്ങളിൽ നടത്തിയ ജനജാഗ്രതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

English Summary: CPI against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com