കളമശേരി സ്ഫോടനം: ആസൂത്രണം തനിച്ചോ?അന്വേഷണം തുടരുന്നു
Mail This Article
കൊച്ചി∙ സ്ഫോടനം നടന്നു മൂന്നര മണിക്കൂറിനുള്ളിൽ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങിയെങ്കിലും ചില സുപ്രധാന ചോദ്യങ്ങൾക്കു കൂടി ഉത്തരം തേടുകയാണു കേന്ദ്ര ഏജൻസികളും കേരള പൊലീസും
ചോദ്യങ്ങൾ ഇവ:
∙ ഡൊമിനിക് മാർട്ടിനു കൂട്ടാളികൾ ഉണ്ടോ?
∙ ബോംബ് നിർമിക്കാൻ എങ്ങനെ പഠിച്ചു? ഇന്റർനെറ്റ് നോക്കി 6 മാസംകൊണ്ട് അഭ്യസിച്ചതാണെന്ന മൊഴി വസ്തുതാപരമാണോ?
∙ അതിരാവിലെ വീട്ടിൽനിന്നു വെറും കയ്യുമായി ഇറങ്ങിയ ഡൊമിനിക് സ്ഫോടകവസ്തു ശേഖരിച്ചത് എവിടെനിന്ന്?
∙ സ്ഫോടക വസ്തുക്കളും അതു പ്രവർത്തിപ്പിക്കാനുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാൻ ആരെങ്കിലും സഹായിച്ചോ?
നീക്കം ഫോണിൽ ചിത്രീകരിച്ച് പ്രതി
കടവന്ത്ര സ്വദേശിയെന്നാണു മാർട്ടിൻ സ്വയം പൊലീസിനു പരിചയപ്പെടുത്തിയത്. എന്നാൽ 6 വർഷമായി കുടുംബത്തിനൊപ്പം തമ്മനത്തു വാടകയ്ക്കു താമസിക്കുകയാണെന്നു പിന്നീടു വ്യക്തമാക്കി.
തമ്മനത്തെ വാടകവീട് കേന്ദ്ര ഏജൻസികളും കേരള പൊലീസും അരിച്ചുപെറുക്കിയപ്പോഴാണ് ഒരു വർഷം മുൻപു വരെ വിദേശത്തു ജോലിചെയ്തിരുന്ന വിവരം ലഭിച്ചത്.
പുലർച്ചെ 5ന് വീട്ടിൽനിന്ന് ഇറങ്ങിയ ഡൊമിനിക് സ്ഫോടക വസ്തുക്കൾ സഹിതം കളമശേരിയിലെ കൺവൻഷൻ സെന്ററിലെത്തി. 8 മണിക്കു ശേഷം 2 തവണ ഹാളിൽ കയറിയിറങ്ങി. അതുവരെയുള്ള തന്റെ മുഴുവൻ നീക്കങ്ങളും ഡൊമിനിക് സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
വർഷങ്ങൾക്കു മുൻപു യഹോവയുടെ സാക്ഷികളുടെ വിശ്വാസിയായിരുന്ന ഡൊമിനിക് സഭയുടെ ബൈബിൾ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. പിന്നീടു വിദേശത്തേക്കു പോയ മാർട്ടിൻ സഭയിൽ നിന്നകന്നു.
യഹോവയുടെ സാക്ഷികളുടെ തമ്മനം സഭയിൽ സജീവമായ ആളല്ല മാർട്ടിനെന്ന് വക്താവ് ശ്രീകുമാർ പറഞ്ഞു. എന്നാൽ ഇടയ്ക്ക് ബൈബിൾ പഠനത്തിന് എത്തിയതായി അറിയാൻ കഴിഞ്ഞു. മറ്റ് ഒരു വിവരവും ഇയാളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.