കുറ്റവാളികളുടെ ഇന്റർനെറ്റ് പഠനം: പൊലീസ് ഇരുട്ടിൽ; ഇന്റർനെറ്റിലൂടെ ബോംബുണ്ടാക്കാൻ പഠിച്ചാൽ പോലും കണ്ടെത്താനാകില്ല
Mail This Article
തിരുവനന്തപുരം ∙ ഇന്റർനെറ്റിന്റെ സഹായത്തോടെ തുടർച്ചയായി ഗവേഷണം നടത്തി ഒരാൾ ബോംബുണ്ടാക്കാൻ ശ്രമിച്ചാൽ അക്കാര്യം അറിയാൻ കേരള പൊലീസിൽ സംവിധാനമില്ല. പൗരൻമാർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാതിരിക്കാൻ യുഎസ്, ചൈന അടക്കമുള്ള രാജ്യങ്ങളിൽ സൗകര്യമുണ്ടെങ്കിലും ഇവിടെ അതിനു മാർഗമില്ലെന്നു കേരള പൊലീസ് സമ്മതിക്കുന്നു.
പരാതി ലഭിച്ചാൽ അതിൻമേൽ അന്വേഷണം നടത്തുന്നതിനാവശ്യമായ വിവരങ്ങൾ പോലും സമൂഹമാധ്യമങ്ങളിൽ നിന്നു സമയബന്ധിതമായി പൊലീസിനു ലഭിക്കാറില്ല. മുൻപത്തെ അത്ര കാലതാമസം ഇപ്പോൾ ഉണ്ടാകുന്നില്ലെന്നതു മാത്രമാണ് ആശ്വാസം.
ആക്രമണം, ആത്മഹത്യ, സ്ഫോടനം, കൊലപാതകം തുടങ്ങിയവ ലക്ഷ്യമിട്ട് ഒരാൾ തുടർച്ചയായി ഇന്റർനെറ്റിൽ പരതിയാലോ ശത്രു രാജ്യങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തിയാലോ അതു സംബന്ധിച്ച ഡേറ്റ സർക്കാരിനു കൈമാറുന്ന സംവിധാനം പല രാജ്യങ്ങളിലുമുണ്ട്. ഇതു മറികടക്കാൻ വിപിഎൻ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാൽ പോലും ഉപയോഗിച്ച ആളെ കണ്ടെത്താൻ കഴിയും.
എന്നാൽ, കുട്ടികളുടെ നഗ്നചിത്രമോ വിഡിയോയോ സ്ഥിരമായി അപ്‌ലോഡ് ചെയ്യുന്നവരുടെയും ഡൗൺലോഡ് ചെയ്യുന്നവരുടെയും വിവരങ്ങൾ മാത്രമാണു കേരള പൊലീസിനു ലഭിക്കുന്നത്. ഇതു രാജ്യാന്തര തലത്തിൽ യുനിസെഫ് ഉൾപ്പെടെ തയാറാക്കിയ നടപടിക്രമപ്രകാരം ലഭിക്കുന്നതാണ്.
നല്ലൊരു പങ്ക് കുറ്റവാളികളും കുറ്റകൃത്യത്തിനു പദ്ധതിയിടാൻ ഇന്റർനെറ്റിന്റെ സഹായം വ്യാപകമായി ഉപയോഗിച്ചെന്നാണ് അറസ്റ്റിലാകുമ്പോൾ ലഭിക്കുന്ന മൊഴി. പദ്ധതിയിടുമ്പോൾ തന്നെ കണ്ടെത്താനുള്ള സംവിധാനങ്ങൾ പൊലീസിന് ഇല്ലാത്തതിനാൽ കുറ്റകൃത്യത്തിനു ശേഷം പിടികൂടുക മാത്രമാണു പോംവഴി.