‘ഇരുട്ടിനെത്തോൽപ്പിച്ച് വന്നവനാണ്; ഇരുട്ടത്ത് തോൽപ്പിക്കാനാവില്ല, സജീവ രാഷ്ട്രീയമല്ല പ്രഫഷൻ’
Mail This Article
തൃശൂർ ∙ എസ്.ശ്രീക്കുട്ടന് 100% കാഴ്ചപരിമിതിയുണ്ട്. ജന്മനാ കൂടെയുള്ള ഈ പരിമിതിക്കു തന്റെ സ്വപ്നങ്ങളെ പരിമിതപ്പെടുത്താനാകില്ലെന്നാണു ശ്രീക്കുട്ടന്റെ പക്ഷം. ബിഎ പൂർത്തിയാക്കിയ ശേഷം പിജി പഠനത്തിനൊപ്പം സിവിൽ സർവീസ് എടുക്കണമെന്നാണു മോഹം. പത്താം ക്ലാസ് വിജയിച്ചതു ഫുൾ എ പ്ലസോടെയാണ്. സജീവ രാഷ്ട്രീയമല്ല താൻ സ്വപ്നം കാണുന്ന ‘പ്രഫഷൻ’ എന്നും പഠനത്തിൽ തന്നെ ഫോക്കസ് ചെയ്യാനാണുദ്ദേശമെന്നും ശ്രീക്കുട്ടൻ പറയുന്നു.
∙ ചെയർമാൻ സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതെങ്ങനെ?
സ്ഥാനാർഥിയാകാൻ കെഎസ്‍യുവിൽ നിന്നു ക്ഷണം ലഭിച്ചിരുന്നു. സുഹൃത്തുക്കളെല്ലാവരും നിർബന്ധിക്കുകയും ചെയ്പ്പോൾ മത്സരിക്കാമെന്നു തീരുമാനിച്ചു.
∙ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണോ വരവ്?
ഇടതുപശ്ചാത്തലമുള്ള ബന്ധുക്കൾ നിറഞ്ഞ കുടുംബമാണെന്റേത്. പാലക്കാട് മുണ്ടൂരിൽ ടാക്സി ഡ്രൈവറായ എന്റെ അച്ഛൻ ശിവദാസനും അമ്മ സുപ്രിയയും മാത്രമാണ് കോൺഗ്രസ് അനുഭാവികളായി കുടുംബത്തിലുള്ളത്.
∙ ആദ്യ വോട്ടെണ്ണലിൽ ജയിച്ചപ്പോൾ എന്തു തോന്നി?
പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം തോന്നി. സമഗ്രാധിപത്യം പൊളിച്ചടുക്കപ്പെടേണ്ടതാണ്. അതെല്ലാവർക്കും നല്ലതേ വരുത്തൂ.
∙ റീകൗണ്ടിങ്ങിൽ പരാജയപ്പെട്ടതു നിരാശനാക്കുന്നുണ്ടോ?
എന്റെ വിജയം അംഗീകരിക്കാൻ എസ്എഫ്ഐക്കു കഴിഞ്ഞില്ലെന്നാണു മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് അവർ കുതന്ത്രങ്ങളിലൂടെ ജനാധിപത്യ വിജയത്തെ ഇല്ലാതാക്കിയത്.
‘ചരിത്രപുരുഷാ കുട്ടേട്ടാ..’ തോളിലേറ്റി വിദ്യാർഥികൾ; എസ്എഫ്ഐ നേതാക്കൾക്ക് കൂക്കിവിളി
തൃശൂർ ∙ ‘ചരിത്രപുരുഷാ കുട്ടേട്ടാ, ഞങ്ങളുടെ ചെയർമാൻ നീ തന്നെ..’ ഒരു വോട്ടിനു വിജയിച്ചെങ്കിലും റീകൗണ്ടിങ്ങിൽ പരാജയപ്പെട്ട കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ ഇന്നലെ രാവിലെ കേരളവർമ കോളജിലെത്തിയപ്പോൾ നൂറുകണക്കിനു വിദ്യാർഥികൾ ചേർന്നു സ്വീകരിച്ചതു ആവേശാരവങ്ങളോടെ.
കോളജ് ഗേറ്റിനു സമീപത്തുനിന്നു ശ്രീക്കുട്ടനെ എടുത്തുയർത്തി തോളിലേറ്റിയാണു കുട്ടികൾ പ്രിൻസിപ്പലിന്റെ ഓഫിസിനു മുന്നിലേക്കു കൊണ്ടുപോയത്.
ഇതിനിടെ, ഓഫിസ് സമുച്ചയത്തിലെത്തി മടങ്ങിയ എസ്എഫ്ഐ നേതാക്കളെ വിദ്യാർഥികൾ ഒന്നടങ്കം കൂവിവിളിച്ച് ഇറക്കിവിട്ടു. പ്രകോപനത്തിനോ പ്രതിഷേധത്തിനോ മുതിരാതെയാണ് എസ്എഫ്ഐ നേതാക്കൾ മടങ്ങിപ്പോയത്.
കണക്കൊക്കാതെ 3 വോട്ട്!
തൃശൂർ ∙ തിരഞ്ഞെടുപ്പിലെ വോട്ടുനില എത്രയെന്നതു പരമരഹസ്യം. സ്ഥാനാർഥികളും പ്രവർത്തകരും വോട്ടർമാരുമടക്കം വോട്ടുനില ചോദിച്ചെങ്കിലും അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആദ്യ വോട്ടെണ്ണലിൽ ഇരുസ്ഥാനാർഥികൾക്കുമായി 1791 വോട്ടാണു ലഭിച്ചത്. റീകൗണ്ടിങ് നടത്തിയ ശേഷം ഇരു സ്ഥാനാർഥികൾക്കും ലഭിച്ച വോട്ട് കണക്കു കൂട്ടിയപ്പോൾ ലഭിച്ചത് 1788 എന്ന സംഖ്യ. 3 വോട്ട് എവിടെയെന്ന ചോദ്യത്തിനുത്തരമില്ല.