ADVERTISEMENT

തൃശൂർ ∙ കേരളവർമ കോളജിൽ ആദ്യം ഒരു വോട്ടിനു ജയിച്ച യൂണിയൻ ചെയർമാൻ സ്ഥാനം റീകൗണ്ടിങ്ങിൽ നഷ്ടമായ കെഎസ്‌യു ഇന്ന് ഹൈക്കോടതിയിലേക്ക്. കഴിഞ്ഞദിവസം അർധരാത്രി വരെ നീണ്ട റീകൗണ്ടിങ്ങിനു പിന്നിൽ ഉന്നത ഇടപെടലാണെന്നും വീണ്ടും തിരഞ്ഞെടുപ്പു നടത്തണമെന്നുമാണ് ആവശ്യം. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കോർപറേഷൻ ഓഫിസിനു മുന്നിൽ നിരാഹാരസമരം തുടങ്ങി. 

ബുധനാഴ്ച വോട്ടെണ്ണിത്തീർന്നപ്പോൾ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയായ കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐ സ്ഥാനാർഥി കെ.എസ്.അനിരുദ്ധന് 895 വോട്ടുമായിരുന്നു. 41 വർഷത്തിനിടെ ആദ്യമായി കിട്ടിയ ചെയർമാൻ സ്ഥാനത്തിന്റെ ആഹ്ലാദത്തിലായി കെഎസ്‍യു. എന്നാൽ, എസ്എഫ്ഐയുടെ ആവശ്യപ്രകാരം 5.30നു റീകൗണ്ടിങ് തുടങ്ങി. 2 തവണയായി ഒന്നര മണിക്കൂർ കറന്റ് ‘പോയ’തോടെ റീകൗണ്ടിങ് നിർത്തി. രാത്രി 9.30നു പുനരാരംഭിക്കുമ്പോഴേക്കും ബാലറ്റുകളുടെ എണ്ണം കൂടിയതായി തർക്കമുയർന്നു. പൊലീസ് കാവലിൽ പകൽ എണ്ണിയാൽ മതിയെന്നു കെഎസ്‍യു ആവശ്യപ്പെട്ടെങ്കിലും എസ്എഫ്ഐ ശക്തമായി എതിർത്തു. 

പ്രിൻസിപ്പൽ ടി.ഡി.ശോഭ നേരിട്ടെത്തി റീകൗണ്ടിങ് നിർത്ത‍ാൻ ആവശ്യപ്പെട്ടു. എന്നാൽ, കോളജിന്റെ മാനേജരായ കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശൻ റീകൗണ്ടിങ് പുനരാരംഭിക്കാൻ നിർദേശിച്ചു. 

ആദ്യ കൗണ്ടിങ്ങിൽ അസാധുവായി മാറ്റിവച്ച വോട്ടുകളടക്കം എസ്എഫ്ഐക്കു വേണ്ടി എണ്ണിയതോടെ കെഎസ്‍‌യു കൗണ്ടിങ് ബഹിഷ്കരിച്ചു. രാത്രി 12 മണിയോടെ എസ്എഫ്ഐ 11 വോട്ടിനു വിജയിച്ചതായി പ്രഖ്യാപനം. സത്യപ്രതിജ്ഞ ഇന്നലെ രാവിലെ നടത്തിയെങ്കിലും ഇത് ഔദ്യോഗികമല്ലെന്ന നിലപാടെടുത്ത് പ്രിൻസിപ്പൽ വിട്ടുനിന്നു. 

റീഇലക്‌ഷനായി ആയിരത്തോളം വിദ്യാർഥികൾ ഒപ്പിട്ട നിവേദനം പ്രിൻസിപ്പലിനും കാലിക്കറ്റ് സർവകലാശാലയ്ക്കും നൽകി. പൊലീസിനും പരാതി നൽകി. 

മന്ത്രിയും ഇടപെട്ടെന്ന് കെഎസ്‌യു

റീകൗണ്ടിങ് തുടരാൻ കോളജ് മാനേജർ പറഞ്ഞാൽ അനുസരിക്കാതെ നിവൃത്തിയില്ലല്ലോ എന്നു പ്രിൻസിപ്പൽ പ്രതികരിച്ചു. പാതിവഴിയിൽ നിലച്ച വോട്ടെണ്ണൽ നിയമപരമായി പൂർത്തിയാക്കാനാണു നിർദേശിച്ചതെന്നും രാഷ്ട്രീയ ഇടപെടലല്ലെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശൻ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണു ദേവസ്വം ബോർഡ് പ്രസിഡന്റ് ഇടപെട്ടതെന്നും ഒരു മന്ത്രിയുടെ നിർദേശം ഇതിനു പിന്നിലുണ്ടായിരുന്നുവെന്നും കെഎസ്‍യു ആരോപിച്ചു.

∙ ‘റീകൗണ്ടിങ് നടപടിക്രമങ്ങൾ കാണാൻ കഴിയാത്തതിനാൽ എനിക്കുവേണ്ടി കൂട്ടുകാരാണ് ഹാളിൽ കയറിയത്. അസാധു വോട്ടുകളെണ്ണി വിജയം അട്ടിമറിച്ചതായി അവർ പറഞ്ഞാണ് അറിഞ്ഞത്. എസ്എഫ്ഐ കുതന്ത്രങ്ങളിലൂടെ ജനാധിപത്യത്തെ ഇല്ലാതാക്കുന്നു.’ – എസ്.ശ്രീക്കുട്ടൻ (കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥി)

കുന്നമംഗലം കോളജിൽ ബാലറ്റ് നശിപ്പിച്ചു

കോഴിക്കോട് ∙ യൂണിയൻ തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പർ പിടിച്ചെടുത്തു നശിപ്പിക്കുകയും സംഘർഷമുണ്ടാകുകയും ചെയ്ത കുന്നമംഗലം ഗവ.കോളജിൽ 10 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ബാലറ്റ് നശിപ്പിക്കപ്പെട്ടതിനാൽ റീപോളിങ് നടത്താൻ കോളജ് അധികൃതർ സർവകലാശാലയുടെ അനുമതി തേടി. കോളജ് പരിസരത്ത് എസ്എഫ്ഐ, യുഡിഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. കോളജിന് 2 ദിവസം അവധി നൽകി.

English Summary:

KSU moves to High Court after losing Kerala Varma College union chairman post in recount

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com