സിദ്ധാർഥൻ മരിച്ച ദിവസം കുട്ടികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയത് എന്തിന്?; ദുരൂഹത
Mail This Article
കൽപറ്റ ∙ പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദിവസം ഹോസ്റ്റൽ അന്തേവാസികളടക്കം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതിൽ ദുരൂഹത. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ട 18ന് വിദ്യാർഥികൾ കൂട്ടത്തോടെ ബത്തേരിയിലും കൽപറ്റയിലും സിനിമയ്ക്കു പോയെന്നും, കുറച്ചുപേർ തലശ്ശേരിയിലെയും കണ്ണൂരിലെയും ഉത്സവങ്ങൾക്കു പോയെന്നുമാണ് ആന്റി റാഗിങ് സ്ക്വാഡിനു ലഭിച്ച മൊഴി.
സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിൽ, ഹോസ്റ്റലിൽ നിന്ന് അന്തേവാസികളെ ബോധപൂർവം മാറ്റിനിർത്താനായിരുന്നോ ഈ നടപടിയെന്ന സംശയമാണുയരുന്നത്. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നു കാണിക്കാൻ സിനിമാ ടിക്കറ്റ് വരെ സൂക്ഷിച്ച പ്രതികളുമുണ്ട്. സിദ്ധാർഥൻ ശുചിമുറിയിലേക്കു നടന്നുപോകുന്നതു കണ്ടതായി ഒരാൾ മാത്രമേ മൊഴി നൽകിയിട്ടുള്ളൂ.
18ന് രാവിലെ മുതൽ സിദ്ധാർഥൻ ഡോർമിറ്ററിയിലെ കട്ടിലിൽ പുതപ്പു തലയിലൂടെ മൂടിയ നിലയിൽ കിടക്കുന്നതു കണ്ടുവെന്ന മൊഴിയാണു മറ്റുള്ളവരെല്ലാം നൽകിയത്. ഇതും ദുരൂഹത വർധിപ്പിക്കുന്നു. സംഭവത്തിനുശേഷം ഹോസ്റ്റലിലെ പാചകക്കാരിലൊരാൾ രാജിവച്ചു. സിദ്ധാർഥനു നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളുടെ ദൃശ്യങ്ങൾ വിദ്യാർഥികൾ ഫോണിൽ പകർത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.