തുണ്ടം തുണ്ടം മുറിച്ചിട്ടാലും ബിജെപിയിൽ പോകില്ല: മറിയാമ്മ ഉമ്മൻ
Mail This Article
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ കുടുംബം യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുന്നു. ഭാര്യ മറിയാമ്മ ഉമ്മൻ ഇന്നു കോട്ടയം കൂരോപ്പടയിൽ എത്തും. മക്കളായ മറിയയും അച്ചുവും വരുംദിവസങ്ങളിൽ എത്തും. മകൻ ചാണ്ടി ഉമ്മൻ എംഎൽഎ ഇതിനോടകം സജീവമാണ്. മറിയാമ്മ ഉമ്മൻ സംസാരിക്കുന്നു
Q പ്രചാരണത്തിൽ സജീവമാകാനുള്ള തീരുമാനത്തിനു പിന്നിൽ?
A ഞാൻ മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ആളാണ്. സമൂഹമാധ്യമങ്ങളിലെ ചർച്ചകളും അറിയാറില്ല. മക്കൾ ഞാനുമായി രാഷ്ട്രീയം സംസാരിക്കാറുമില്ല. എന്റെ മക്കൾ ബിജെപിയിലേക്കു പോകുന്നു എന്ന തരത്തിൽ വ്യാജപ്രചാരണം നടക്കുന്നതായി വൈകിയാണ് അറിഞ്ഞത്. അത് ഏറെ വേദനിപ്പിച്ചു. ഇത്തരം പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ല എന്ന ശക്തമായ സന്ദേശം നൽകാൻകൂടിയാണ് യുഡിഎഫ് സ്ഥാനാർഥികൾക്കായി കുടുംബസമേതം പ്രചാരണത്തിനിറങ്ങുന്നത്.
Q വ്യാജപ്രചാരണം നടത്തുന്നവർക്കുള്ള മറുപടി?
A തുണ്ടം തുണ്ടം മുറിച്ചിട്ടാലും എന്റെ മക്കൾ ബിജെപിയിൽ പോകില്ല. കോൺഗ്രസ് പാർട്ടിയിൽ അടിയുറച്ചു പ്രവർത്തിക്കും. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ഉമ്മൻ ചാണ്ടിക്കു ലഭിച്ച എല്ലാ പദവികളും നൽകിയതു കോൺഗ്രസ് പാർട്ടിയാണ്. ഉമ്മൻ ചാണ്ടിക്കു ലഭിച്ച എല്ലാ ബഹുമതികളും കുടുംബത്തിനും ലഭിച്ചതാണ്.
Q എന്തൊക്കെയാണു പ്രചാരണ വിഷയങ്ങൾ?
A ഉമ്മൻ ചാണ്ടിക്ക് ഒരു വോട്ട് എന്നു തന്നെയാകും വോട്ടർമാരോട് ആവശ്യപ്പെടുക. ഇന്ത്യാസഖ്യത്തിന്റെ വിജയം അനിവാര്യമാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കു കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കും.
Q എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിന് ഇറങ്ങുമ്പോൾ ?
A വ്യക്തിയല്ല, ആശയങ്ങളാണു പ്രധാനം. വ്യക്തിപരമായ വിമർശനങ്ങൾ ഉന്നയിക്കില്ല. ഇന്ത്യാസഖ്യത്തിനും കോൺഗ്രസിനുമായാണു ഞാൻ വോട്ട് അഭ്യർഥിക്കുന്നത്.
Q മുൻപു പ്രചാരണത്തിൽ പങ്കെടുത്തിട്ടുണ്ടോ
A ഉമ്മൻ ചാണ്ടിയുടെ മാതാവ് മരിച്ചതിനു ശേഷമുള്ള പൊതുതിരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ഓർമയുണ്ട്. മാതാവിന്റെ വിയോഗവും കാലിന്റെ പരുക്കും അദ്ദേഹത്തിനു പ്രയാസം സൃഷ്ടിച്ച സമയമായതിനാൽ കൂടെ ഉണ്ടാവണമെന്ന് എനിക്കു നിർബന്ധമായിരുന്നു. ‘ബാവായ്ക്ക് അത്ര ദൂരം യാത്ര ചെയ്യാൻ കഴിയുമോ’ എന്നു മാത്രമാണ് അന്ന് ഉമ്മൻ ചാണ്ടി എന്നോടു ചോദിച്ചത്.