അണ്ണാമലൈയ്ക്കു കിട്ടിയ മറുപടി, തമിഴ് വേഷത്തിലെത്തി മോദിയുടെ അഭിമുഖം; കച്ചത്തീവ് ‘കത്തിക്കാൻ’ ബിജെപി
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ സ്ഥിതി അനുകൂലമല്ലെന്ന തിരിച്ചറിവിലാണ് വൈകാരിക സ്വഭാവമുള്ള കച്ചത്തീവ് വിഷയം ബിജെപി എടുത്തിട്ടിരിക്കുന്നത്. ഏതാനും വർഷമായി തമിഴ്നാടിനെ രാഷ്ട്രീയമായി സ്വാധീനിക്കുന്നതിനു മുൻകയ്യെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കച്ചത്തീവിന്റെ കാര്യത്തിലും മുന്നിലുള്ളത്.
ഇന്ത്യാസഖ്യത്തിന്റെ ആദ്യ ദേശീയ പരിപാടിയുടെ ദിവസംതന്നെയാണ് ഇതു സംബന്ധിച്ച പുതിയ വിവാദം തുടങ്ങിയത്. ഇന്ത്യാസഖ്യം ഏറ്റവും ശക്തമായുള്ള തമിഴ്നാട്ടിൽ കോൺഗ്രസിനെയും ഡിഎംകെയെയും പ്രതിരോധത്തിലാക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷയെന്നു വ്യക്തം. എന്നാൽ, ഇന്ത്യ– ചൈന അതിർത്തിയിലെ സ്ഥിതി പ്രതിപക്ഷം ശക്തമായി ഉന്നയിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഇത്തരമൊരു നീക്കമെന്ന വ്യാഖ്യാനവുമുണ്ട്. കച്ചത്തീവ് വിഷയത്തിൽ കോൺഗ്രസിൽനിന്നു മറുപടി പറഞ്ഞ പി.ചിദംബരം ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈനയുടെ കൈവശമാണെന്ന് ആരോപിക്കുകയും ചെയ്തു.
അണ്ണാമലൈയ്ക്കു മറുപടി; വിവാദങ്ങൾക്കു തുടക്കം
ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ കഴിഞ്ഞ മാർച്ച് 5ന് നൽകിയ വിവരാവകാശ ചോദ്യത്തിന് 12ന് ലഭിച്ച മറുപടിയിലാണു വിവാദത്തിന്റെ തുടക്കം. വിവരാവകാശ രേഖ ആദ്യം പത്രവാർത്തയായി. ഈ വാർത്ത മോദി ട്വീറ്റ് ചെയ്തു. സർക്കാരിന്റെ പക്കലുള്ള വിവരങ്ങളാണു പുറത്തുവന്നതെങ്കിലും ‘പുതിയ വസ്തുതകൾ’ എന്നാണ് മോദി വിശേഷിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലും മോദി കച്ചത്തീവ് വിഷയത്തിൽ കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദ്വീപു തിരിച്ചെടുക്കണമെന്ന് ഡിഎംകെ സർക്കാർ തനിക്കു പതിവായി കത്തെഴുതുന്നതാണെന്നും മോദി പറഞ്ഞിരുന്നു.
കച്ചത്തീവിനെക്കുറിച്ച് ഇന്നലെ വന്ന പത്ര വാർത്തയും മോദി ട്വീറ്റ് ചെയ്തു. ആദ്യ ട്വീറ്റിൽ കോൺഗ്രസിനെ മാത്രമാണു വിമർശിച്ചതെങ്കിൽ, ഇന്നലെ ഡിഎംകെയെയാണു പ്രധാനമായി ഉന്നംവച്ചത്. അതിനു പിന്നാലെ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ഒൗദ്യോഗിക രേഖകളുമായി ബിജെപി ആസ്ഥാനത്തെത്തി പത്രസമ്മേളനം നടത്തി. മോദി ഒരു തമിഴ് ടിവി ചാനലിന് അഭിമുഖവും നൽകി; തമിഴ് രീതിയിൽ വസ്ത്രം ധരിച്ചാണ് അഭിമുഖത്തിനിരുന്നത്.
കോൺഗ്രസും ഡിഎംകെയും മാത്രമല്ല, അണ്ണാഡിഎംകെയും ഇപ്പോൾ എന്തുകൊണ്ട് ബിജെപി കച്ചത്തീവ് വിഷയം ഉന്നയിക്കുന്നുവെന്ന ചോദ്യവുമായി രംഗത്തെത്തി. കച്ചത്തീവ് വിഷയത്തെ ബിജെപി ഗൗരവമായി കാണുന്നെങ്കിൽ കഴിഞ്ഞ 10 വർഷം പ്രശ്നപരിഹാരത്തിന് മോദി സർക്കാർ എന്തു ചെയ്തെന്ന ചോദ്യവും ഉന്നയിക്കപ്പെട്ടു.
2015 ൽ ജയ്ശങ്കർ വിദേശകാര്യ സെക്രട്ടറിയായിരുന്നപ്പോൾ കച്ചത്തീവിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം വിവരാവകാശപ്രകാരം നൽകിയ മറുപടിയും കോൺഗ്രസ് ആയുധമാക്കി. കച്ചത്തീവ് സംബന്ധിച്ച കരാർ ഇന്ത്യയുടെ ഭൂമി വിട്ടുകൊടുക്കുന്നതിന്റെയോ ഏറ്റെടുക്കുന്നതിന്റെയോ വിഷയമുൾപ്പെടുന്നതല്ല; ഇന്ത്യയും ശ്രീലങ്കയുമായി സമുദ്രാതിർത്തി രേഖ സംബന്ധിച്ച കരാറുകൾ പ്രകാരം കച്ചത്തീവ് ദ്വീപ് ശ്രീലങ്കയുടെ ഭാഗത്താണ് എന്നായിരുന്നു 2015 ലെ ഉത്തരം.