ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്നു യുഡിഎഫ് വ്യക്തമാക്കി. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കുകയാണു നയമെന്നും അത്തരം സംഘടനകളുടെ പിന്തുണ സ്വീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ എന്നിവർ പറഞ്ഞു. ആർക്ക് വോട്ടു ചെയ്യണമെന്നത് വോട്ടറുടെ തീരുമാനമാണ്. എല്ലാ ജനവിഭാഗങ്ങളും യുഡിഎഫിന് വോട്ടു ചെയ്യണമെന്നാണ് ആഗ്രഹം. എന്നാൽ, സംഘടനകളുടെ കാര്യമെടുക്കുമ്പോൾ എസ്ഡിപിഐയുടെ പിന്തുണ വേണ്ട എന്നാണു തീരുമാനം.

എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചപ്പോൾ, ആലോചിച്ചു തീരുമാനമെടുക്കുമെന്നാണു മാധ്യമങ്ങളോടു പ്രതികരിച്ചത്. രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ചു കൽപറ്റയിലെത്തിയ യുഡിഎഫ് നേതാക്കൾ ഇതു സംബന്ധിച്ച് ആലോചന നടത്തി കൂട്ടായ തീരുമാനമെടുക്കുകയായിരുന്നുവെന്നു പ്രതിപക്ഷ നേതാവും കൺവീനറും പറഞ്ഞു.

‘പിണറായി വിവാദമുണ്ടാക്കുന്നത് ബിജെപിക്കുവേണ്ടി’

ബിജെപിയും സിപിഎമ്മും ഒക്കച്ചങ്ങാതിമാരായാണു തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നതെന്ന് സതീശനും ഹസനും ആരോപിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസിന്റെയും ലീഗിന്റെയും പതാകകൾ ഉപയോഗിക്കാത്തതിനെ മുഖ്യമന്ത്രി വിമർശിച്ചതു കണ്ടു. യുഡിഎഫിന്റെ പ്രചാരണം എങ്ങനെ വേണമെന്ന് എകെജി സെന്ററിൽനിന്നു നിർദേശിക്കേണ്ടതില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ പതാക വിവാദം ഉയർത്തിയതു ബിജെപിയായിരുന്നെങ്കിൽ ഇത്തവണ അവർക്കു വേണ്ടി പിണറായി വിവാദമുണ്ടാക്കുന്നു. പാർട്ടിയുടെ ചിഹ്നം മരപ്പട്ടിയും നീരാളിയുമാകാതിരിക്കാൻ ‘ഇന്ത്യാ’ മുന്നണിയുടെ ഭാഗമാവുകയും മറുവശത്ത് ബിജെപിയെ സന്തോഷിപ്പിക്കുകയുമാണു സിപിഎം ചെയ്യുന്നത്. മാസപ്പടി കേസിന്റെ ഭീതിയിൽ നിൽക്കുന്ന മുഖ്യമന്ത്രിക്ക് അത് ആവശ്യമാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ വിവാദമുണ്ടാക്കി ശ്രദ്ധതിരിക്കുകയും അല്ലാത്തപ്പോൾ സമ്മാനപ്പൊതി കൈമാറുകയും ചെയ്യുന്നവരാണു മുഖ്യമന്ത്രിയും ഗവർണറും. മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷന്റെ നിയമനം മുഖ്യമന്ത്രിയും ഗവർണറും തമ്മിലുണ്ടാക്കിയ ധാരണയുടെ ഭാഗമാണെന്നും നേതാക്കൾ ആരോപിച്ചു.

English Summary:

UDF states that they do not want SDPI's support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com