മെഡിക്കൽ കോളജ് കേസ്: കുറ്റം എന്തെന്നറിയാതെ അനിത; റിപ്പോർട്ടിലും സ്ഥിരീകരണമില്ല
Mail This Article
കോഴിക്കോട് ∙ സ്ഥലംമാറ്റം സ്റ്റേ ചെയ്തുള്ള ഹൈക്കോടതി ഉത്തരവുമായി അഞ്ചാം ദിവസവും മെഡിക്കൽ കോളജിൽ എത്തുമ്പോൾ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിതയ്ക്ക് താൻ ചെയ്ത കുറ്റം എന്തെന്നു വ്യക്തമാവുന്നില്ല. ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷന്റെ റിപ്പോർട്ടിൽ അനിതയുടെ കർത്തവ്യ നിർവഹണത്തിലെ പിഴവുകൾ എടുത്തു പറഞ്ഞിട്ടുണ്ട് എന്നാണ് ആരോഗ്യ മന്ത്രിയുടെ വാദം. എന്നാൽ, റിപ്പോർട്ടിൽ അക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കുന്നില്ലെന്ന് അനിത പറയുന്നു.
‘പരസ്പര വിരുദ്ധമായ മൊഴികളാണ് അനിതയും ചീഫ് നഴ്സിങ് ഓഫിസറായ വി.പി.സുമതിയും നൽകിയത്. ഉയർന്ന ഉദ്യോഗസ്ഥതലത്തിൽ ഉണ്ടായ പരസ്പര വിശ്വാസമില്ലാതെയുള്ള പ്രവർത്തനങ്ങളും വീഴ്ചകളും അനിത ചൂണ്ടിക്കാട്ടി. അനിത നൽകിയ അപ്പീലിലെ ആറാം ഖണ്ഡികയിൽ ഉദ്യോഗസ്ഥതല ഏകോപനമില്ലായ്മ അടിവരയിടുന്നു. മൂന്നാം നിലയിലെ സൈഡ് റൂമിൽ നഴ്സിങ് സ്റ്റേഷനിൽനിന്ന് നിരീക്ഷണം ഉണ്ടാവാത്ത സ്ഥലത്ത് രോഗിയെ കിടത്തി. മുഴുവൻ സമയം സെക്യുരിറ്റിയെ നിയോഗിച്ചില്ല. സിസിടിവി ഉണ്ടായിരുന്നില്ല’ തുടങ്ങിയ വീഴ്ചകളാണ് ഡിഎംഇ റിപ്പോർട്ടിൽ പറയുന്നത്. ഇതെല്ലാം എങ്ങനെ തന്റെ കുറ്റമാവും എന്ന ആശയക്കുഴപ്പത്തിലാണ് അനിത.
അനിതയ്ക്കു പുറമേ, ചീഫ് നഴ്‌സിങ് ഓഫിസർ വി.പി.സുമതി, ഹെഡ് നഴ്‌സ് ഗ്രേഡ് 1 ബെറ്റി ആന്റണി എന്നിവർക്കും ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട്, ആർഎംഒ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവർക്കും വീഴ്ചകളുണ്ടായി എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം മാറ്റിയ സുമതിയും ബെറ്റിയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവിനെ തുടർന്ന് തിരികെ എത്തി. മറ്റു 3 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല.
താൻ ചെയ്ത തെറ്റ് എന്താണെന്ന് ബോധ്യപ്പെടുത്താതെയാണ് സ്ഥലംമാറ്റം എന്ന വാദവുമായി അനിതയും ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിൽ 2 മാസത്തേക്ക് ഡിസംബർ 1 ന് സ്‌റ്റേ നൽകി. ഡിസംബർ 2 ന് കോഴിക്കോട് ജോലിയിൽ പ്രവേശിച്ചു. അനിതയുടെ ഭാഗം വീണ്ടും കേട്ട ശേഷമാണ് വീഴ്ചയുണ്ടെന്ന റിപ്പോർട്ട് നൽകിയത്. തുടർന്നാണ് ഇടുക്കിയിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. സുമതി, ബെറ്റി എന്നിവർ ഒരു മാസത്തിനുള്ളിൽ വിരമിക്കുന്നതിനാൽ മറ്റ് നടപടികളൊന്നുമില്ല.
കോഴിക്കോട് ഐസിയു കേസ് നാൾവഴി
∙ 2023 മാർച്ച് 18: തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് സ്ത്രീകളുടെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയെ ആശുപത്രിയിലെ ജീവനക്കാരൻ എ.എം.ശശീന്ദ്രൻ പീഡിപ്പിച്ചതായി പരാതി. മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത ശശീന്ദ്രനെ സസ്പെൻഡ് ചെയ്തു. അതിജീവിതയെ അന്നു രാത്രി 12ന് 20–ാം വാർഡിലേക്കു മാറ്റി.
∙ മാർച്ച് 21, 22: ശശീന്ദ്രന് എതിരെയുള്ള പരാതി പിൻവലിക്കാൻ ആശുപത്രിയിലെ ചില ജീവനക്കാർ ഭീഷണിപ്പെടുത്തിയതായി അതിജീവിത സൂപ്രണ്ടിനും ഡോക്ടർക്കും പരാതി നൽകി.
∙ മാർച്ച് 23: ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പലിന്റെ ചേംബറിൽ പ്രതിഷേധിച്ചു. തുടർന്ന് ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. മെഡിക്കൽ കോളജ് എസിപിയായിരുന്ന കെ.സുദർശന്റെ സാന്നിധ്യത്തിൽ കമ്മിഷൻ 20–ാം വാർഡിലെത്തി അതിജീവിതയോട് സംസാരിച്ചു. സംഭവത്തിലുൾപ്പെട്ട 6 പേരെ തിരിച്ചറിഞ്ഞു. 5 പേരുകൾ സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിത എഴുതി നൽകി. തുടർന്ന് 5 പേരെയും സസ്പെൻഡ് ചെയ്തു. താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു.
∙ നവംബർ 15: അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് ആശുപത്രി ജീവനക്കാരായ ഷൈമ, ഷൈനി ജോസ്, ഷലൂജ, ആസിയ, പ്രസിത മനോളി എന്നിവരെ സ്ഥലംമാറ്റി.
∙ നവംബർ 28: ഡിഎംഇ തല അന്വേഷണത്തെ തുടർന്ന് പി.ബി.അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി
∙ നവംബർ 30: ഉത്തരവിനെതിരെ അനിത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേവാങ്ങി.
∙ ഡിസംബർ 1: സ്റ്റേ ഉത്തരവിനെതിരെ സർക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.
∙ ഡിസംബർ 30: വി.പി.സുമതിയെയും ബെറ്റി ആന്റണിയെയും സ്ഥലംമാറ്റി. ഇരുവരും സ്റ്റേ വാങ്ങി.
∙ 2024 ജനുവരി 16: അനിതയെ വീണ്ടും ഇടുക്കിയിലേക്ക് മാറ്റി.
∙ 2024 മാർച്ച് 1 : അനിതയെ കുറ്റവിമുക്തയാക്കി ഹൈക്കോടതി ഉത്തരവിട്ടു. മാർച്ച് 31ന് വരുന്ന ഒഴിവു പ്രകാരം കോഴിക്കോട്ട് നിയമിക്കാൻ നിർദേശം.