ഭീഷണിപ്പെടുത്തലും വിഡിയോ മായ്പ്പിക്കലും: കുഴപ്പം വിഡിയോ എടുത്തവരുടേത്
Mail This Article
കോഴിക്കോട് ∙ പെരുമാറ്റച്ചട്ടം നിരീക്ഷിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ സംഘത്തെ തടഞ്ഞു ദൃശ്യങ്ങൾ മായ്ച്ച സംഭവത്തിൽ വിഡിയോ നിരീക്ഷണ സംഘത്തെ ഒഴിവാക്കിയെന്നു കലക്ടർ സ്നേഹിൽകുമാർ സിങ്. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിൽ സംഘത്തിന്റെ ഭാഗത്തു വീഴ്ചയുണ്ടായതുകൊണ്ട് തിരഞ്ഞെടുപ്പു ചുമതലകളിൽനിന്നു നീക്കിയെന്നാണ് അറിയിപ്പ്. അതേസമയം ഭീഷണി നേരിട്ട വിഡിയോഗ്രഫർക്കു പകരം മറ്റൊരു വിഡിയോഗ്രഫറെയാണു ഒഴിവാക്കിയിരിക്കുന്നത്. ഭീഷണി നേരിട്ടയാൾ ഇന്നലെയും കലക്ടറേറ്റിൽ ജോലി ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
മന്ത്രി മുഹമ്മദ് റിയാസിന്റെ, പ്രഥമദൃഷ്ട്യാ ചട്ടലംഘനം ഉണ്ടെന്നു കലക്ടർ കണ്ടെത്തിയ പ്രസംഗം ചിത്രീകരിച്ചുകൊണ്ടിരിക്കെയാണ് എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്റെയും മുൻ എംഎൽഎ എ.പ്രദീപ് കുമാറിന്റെയും നേതൃത്വത്തിൽ വിഡിയോഗ്രഫറെയും നിരീക്ഷണ ഉദ്യോഗസ്ഥനെയും ഗ്രീൻറൂമിലേക്കു കൂട്ടിക്കൊണ്ടു പോയത്. പ്രസംഗം ഡിലീറ്റ് ചെയ്യിപ്പിച്ചുവെന്നാണ് വിവരം.
ഭീഷണി നേരിട്ട ദിവസം തന്നെ തിരഞ്ഞെടുപ്പു ചുമതലയിൽ തുടരാൻ താൽപര്യമില്ലെന്നും ഒഴിവാക്കണമെന്നും വിഡിയോ സർവയലൻസ് ഓഫിസറായ മേലടി ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. തനിക്കു മറ്റു പരാതികളൊന്നുമില്ലെന്ന് എഴുതി നൽകുകയും ചെയ്തു. ഇതനുസരിച്ച് ഇദ്ദേഹത്തെ ഒഴിവാക്കി. എന്നാൽ, കയ്യേറ്റം ചെയ്യപ്പെട്ട വിഡിയോഗ്രഫർക്കു പകരം മറ്റൊരാളെയാണ് ഒഴിവാക്കിയത്. സംഭവദിവസം പരിപാടിക്കു പോകേണ്ടിയിരുന്ന സംഘത്തിലെ വിഡിയോഗ്രഫർ സ്ഥലത്തില്ലാത്തതിനാൽ പോയ പകരക്കാരനെയാണു ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ മായ്പ്പിച്ചത്. ചുമതലയിൽ നിന്നു ഒഴിവാക്കിയെന്നു പറയുന്നതാകട്ടെ സ്ഥലത്തില്ലാതിരുന്ന ആദ്യ വിഡിയോഗ്രഫറെയും.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരായി പോയവരെ തടയാൻ ശ്രമിച്ചതു ഗുരുതര കുറ്റകൃത്യമാകുമെന്ന സൂചന ലഭിച്ചതോടെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നു വരുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. സ്ഥാനാർഥിയുടെ നേതൃത്വത്തിൽ ക്യാമറയിൽ നിന്നു മായ്ച്ചു കളഞ്ഞ ദൃശ്യങ്ങൾ പിന്നീട് പുനഃസ്ഥാപിച്ച് വിഡിയോ സംഘം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറിയിരുന്നു.
വിശദീകരണം നൽകി
പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി കലക്ടർ നൽകിയ നോട്ടിസിനു മന്ത്രി പി.എ.മുഹമ്മദ് റിയാസ് മറുപടി നൽകി. കോഴിക്കോട്ട് അത്യാധുനിക സ്റ്റേഡിയമെന്നതു പുതിയ പ്രഖ്യാപനമല്ല, സർക്കാർ നേരത്തേ പ്രഖ്യാപിച്ചതാണെന്നു വിശദീകരണത്തിൽ പറയുന്നു.