ഇരട്ടക്കൊലപാതക കേസ് പ്രതികൾക്കെതിരെ ഒരു മോഷണക്കേസ് കൂടി; ആകെ കേസുകൾ – 2 കൊലപാതകം, 2 പീഡനം, 2 മോഷണം
Mail This Article
കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞ ഇരട്ടക്കൊലപാതകക്കേസിൽ പിടിയിലായവർക്കെതിരെ ഒരു മോഷണക്കേസ് കൂടി റജിസ്റ്റർ ചെയ്തു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ആറായി. 2 കൊലപാതകം, 2 പീഡനം, 2 മോഷണം എന്നിവയാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്.
പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷ്, കൊല്ലപ്പെട്ട നെല്ലിപ്പള്ളിൽ വിജയന്റെ മകൻ വിഷ്ണു എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുപതേക്കറിലെ കച്ചവടസ്ഥാപനത്തിൽ നിന്നു പല തവണയായി ഇരുമ്പുവസ്തുക്കൾ മോഷ്ടിച്ചതിനാണു പ്രതികൾക്കെതിരെ പുതിയ കേസെടുത്തിരിക്കുന്നത്. ഈ കേസിൽ ഇരുവരെയും അടുത്ത ദിവസം വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
3 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്ന പ്രതികളെ എസ്എച്ച്ഒ എൻ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ കക്കാട്ടുകട, ലബ്ബക്കട, വെള്ളയാംകുടി തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുത്ത ശേഷമാണു കോടതിയിൽ ഹാജരാക്കിയത്. മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ലഭ്യമാക്കാനായി നിതീഷ് ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ കാലാവധി അവസാനിച്ചതിനാൽ അതിന്റെ ഡ്യൂപ്ലിക്കറ്റ് സിം ലഭ്യമാക്കി കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമവും അന്വേഷണസംഘം നടത്തുന്നുണ്ട്.