ഐസിയു പീഡനം: കോടതിയലക്ഷ്യ ഹർജി ഇന്ന് പരിഗണിക്കും
Mail This Article
കോഴിക്കോട് ∙ നീതി തേടി 6 ദിവസത്തെ സമരത്തിനൊടുവിൽ സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിത ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം രാത്രി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഇന്നലെ സീനിയർ അഡ്മിസിസ്‌ട്രേറ്റീവ് ഓഫിസറിൽ നിന്നു കൈപ്പറ്റുകയും തുടർന്ന് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു.
മെഡിക്കൽ കോളജ് ഐസിയുവിൽ ജീവനക്കാരൻ രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റപ്പെട്ട അനിത ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവുമായി ഏപ്രിൽ 1ന് ജോലിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും സർക്കാർ അതിന് അനുമതി നൽകിയില്ല. സർക്കാരിനെതിരെ അനിത നൽകിയ കോടതിയലക്ഷ്യ ഹർജിയും സർക്കാർ നൽകിയ പുനഃപരിശോധന ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും.
∙ ‘കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ടുപോകും. പുനഃപരിശോധനാ ഹർജിയിൽ നീതി കിട്ടുമെന്നാണ് വിശ്വാസം. 6 വർഷം കൂടി സർവീസുണ്ട്. പ്രതികാര നടപടി ഇനിയും ഉണ്ടാകുമോ എന്നതിൽ ആശങ്കയുണ്ട്.’ – പി.ബി. അനിത