ADVERTISEMENT

ആലപ്പുഴ∙ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ വേട്ടയാടുന്നതിനെക്കുറിച്ച് പറയുമ്പോൾ ഡി.കെ.ശിവകുമാർ നരച്ച താടിയിലൂടെ ഇടങ്കൈയിലെ ചൂണ്ടുവിരലോടിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ 50 ദിവസം തിഹാർ ജയിലിൽ കഴിഞ്ഞതിന്റെ നീറുന്ന ഓർമയാണത്. തടവുകാലത്ത് വളർത്തിത്തുടങ്ങിയ താടി പിന്നെ കളഞ്ഞില്ല.ഇന്നലെ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കർണാടക ഉപമുഖ്യമന്ത്രി പാർട്ടിയിൽ ചേരുന്നവരെ വെളുപ്പിച്ചെടുക്കുന്ന ബിജെപിയുടെ ‘വാഷിങ് മെഷീനെ’ക്കുറിച്ചും പ്രതിപക്ഷ മുഖ്യമന്ത്രിമാരെ വേട്ടയാടുന്ന കേന്ദ്രം കേരളത്തിലെ മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനെക്കുറിച്ചും വാചാലനായി. പ്രതിസന്ധികളിൽ കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറായ ഡി.കെയെ കാണാൻ പ്രവർത്തകർ ഇരമ്പിയെത്തി.

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്യാനാണു ഡി.കെ എത്തിയത്. കൊച്ചിയിലെ വിശ്രമത്തിനിടയിലും ചേർത്തലയിലേക്കുള്ള യാത്രയിലുടനീളവും സംസാരിച്ചതത്രയും ബിജെപിയെ പരാജയപ്പെടുന്നതിനെക്കുറിച്ചു മാത്രം. ഇന്ത്യാമുന്നണിയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുന്നതു ദക്ഷിണേന്ത്യയായിരിക്കുമെന്ന് പലവട്ടം ആവർത്തിച്ചു.

കേരളത്തിലെ പലമണ്ഡലങ്ങളിലേക്കും ഡി.കെയെ ക്ഷണിക്കുന്നുണ്ട്. കേരളത്തിലും കർണാടകയിലും ഒരേദിവസമാണു വോട്ടെടുപ്പ്. അവിടെയും എല്ലാ സ്ഥാനാർഥികൾക്കും ഡി.കെയെ വേണമെന്നു  ഒപ്പമുള്ള കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് നാലപ്പാട്ട് പറഞ്ഞു. തിരക്കിനിടയിലും കേരളത്തിലേക്കു വരാനുള്ള കാരണം ഡി.കെ പറഞ്ഞു. ‘കെ.സി.വേണുഗോപാലാണ് എന്നെ പിസിസി പ്രസിഡന്റാക്കിയത്. ഡി.കെയെ പ്രസിഡന്റാക്കിയാൽ കർണാടകയിൽ അധികാരം പിടിക്കാമെന്നു സോണിയാ ഗാന്ധിയോടു പറഞ്ഞത് അദ്ദേഹമാണ്’.

ചേർത്തലയിലെ സ്വീകരണ കേന്ദ്രത്തിലെത്തുന്നതിനു മുൻപേ ജനക്കൂട്ടം വാഹനം വളഞ്ഞു. മുദ്രാവാക്യങ്ങൾക്കൊപ്പം ഉയർന്ന കൈകളിലെല്ലാം മൊബൈൽ ക്യാമറകൾ. വാഹനം മുന്നോട്ടുപോകില്ലന്നെ സ്ഥിതിയായതോടെ അദ്ദേഹം പുറത്തിറങ്ങി. റോഡിൽ നിന്നു വേദിവരെ കൈകൾ കോർത്തുപിടിച്ചു നേതാക്കൾ സൃഷിടിച്ച ചങ്ങല ഭേദിച്ച് പ്രവർത്തകർ ശിവകുമാറിനരികിലേക്ക് ഇരമ്പിയെത്തി. കേരളത്തിൽ യുഡിഎഫിനല്ലാതെ ചെയ്യുന്ന വോട്ടും ബിജെപിക്കു ഗുണകരമാകുമെന്നു പ്രസംഗത്തിൽ ഓർമിപ്പിച്ച ഡി.കെ ശമ്പളം കൊടുക്കാൻ പണമില്ലാത്ത ഇടതുഭരണത്തിനെതിരെയും ആഞ്ഞടിച്ചു.മണ്ഡലപര്യടനം ഉദ്ഘാടനം ചെയ്തശേഷം ചേർത്തലയിൽ കെ.സി.വേണുഗോപാലിനൊപ്പം നടത്തിയ റോഡ്ഷോയിലും ഡി.കെ.ശിവകുമാർ ആവേശം നിറച്ചു. ഇന്ന് തൃശൂർ ഒല്ലൂരിലെ പൊതുയോഗത്തിൽ പ്രസംഗിക്കുന്ന അദ്ദേഹം ഉച്ചയോടെ കർണാടകയിലേക്കു മടങ്ങും.

വാഹനത്തിൽ നിന്നിറങ്ങും മുൻപ് ഡി.കെ.ശിവകുമാർ പറഞ്ഞു– ‘തിഹാർ ജയിലിൽ വച്ചാണ് ഞാൻ വെജിറ്റേറിയനായതും ഈ താടിവച്ചതും. എന്റെ ഗുരുജി നിർദേശിച്ചതനുസരിച്ചാണ് ഞാനിതു ചെയ്തത്. ഈ താടി വടിക്കുന്ന ദിവസം അതിനു പിന്നിലെ രഹസ്യം ഞാൻ വെളിപ്പെടുത്തും’. കർണാടകയിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചിട്ടും പൂർത്തിയാകാത്ത ആ ശപഥമെന്തായിരിക്കും? കാത്തിരുന്നു കാണുക എന്നാണ് ഡി.കെ പറയുന്നത്.

ബിജെപി തരംഗം ഒരിടത്തുമുണ്ടാകില്ല

Q കഴിഞ്ഞ തവണ ബിജെപി തരംഗം പ്രകടമായ ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കർണാടക. ഇത്തവണയോ?

A ഇത്തവണ കർണാടകയിൽ മാത്രമല്ല. ഇന്ത്യയിലെവിടെയും ബിജെപി തരംഗമുണ്ടാകില്ല. കർണാടകയിൽ ഇത്തവണ കോൺഗ്രസ് 20 സീറ്റുകൾ നേടും.

Q ഈ ആത്മവിശ്വാസത്തിനു കാരണം?

A കോൺഗ്രസ് മുന്നോട്ടുവച്ച 5 ഗാരന്റികളും അവിടെ നടപ്പാക്കി. സ്ത്രീകളും യുവാക്കളുമെല്ലാം സർക്കാരിൽ സന്തുഷ്ടരാണ്. അപ്പുറത്തു ബിജെപിയുടെ കേന്ദ്രസർക്കാർ ഒരു വാഗ്ദാനവും നടപ്പാക്കിയില്ല.

Q കോൺഗ്രസ് ഇത്തവണ ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ സീറ്റുകൾ നേടുമോ ?

A തീർച്ചയായും. ഇന്ത്യാമുന്നണി അധികാരത്തിലെത്തും. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തും. കേരളത്തിൽ 20 സീറ്റും യുഡിഎഫ് നേടും. കർണാടകയിൽ 20. തെലങ്കാനയിൽ പത്തിൽ കൂടുതൽ. തമിഴ്നാട്ടിലെ മുഴുവൻ സീറ്റും ഡിഎംകെ.–കോൺഗ്രസ് സഖ്യം നേടും. ആന്ധ്രയിലും നേട്ടമുണ്ടാക്കും.

Q കേരളത്തെക്കുറിച്ച് ?

A എന്നെ തിഹാർ ജയിലിൽ അടച്ചപ്പോൾ കർണാടകയിലെ പ്രവർത്തകർ പ്രതിഷേധിക്കാനിറങ്ങും മുൻപ് കേരളത്തിലെ യുവാക്കളാണു തെരുവിലിറങ്ങിയത്. കേരളത്തിലേതു പ്രബുദ്ധസമൂഹമാണ്. കഴിഞ്ഞ തവണ കേരളം നൽകിയ സീറ്റുകളായിരുന്നു കോൺഗ്രസിന്റെ അടിത്തറ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും. അതിന്റെ തുടക്കമാകും ഈ തിരഞ്ഞെടുപ്പിലെ 20 സീറ്റ് വിജയം.

English Summary:

South India will bring India alliance to power says DK Shivakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com