നെഹ്റുവിനെ തടഞ്ഞ തോപ്പിൽ ഭാസി
Mail This Article
ആലപ്പുഴ∙ കാലം 1954. ഭരണിക്കാവ് നിയോജക മണ്ഡലത്തിൽനിന്നു തിരു–കൊച്ചി നിയമസഭയിലേക്കു മത്സരിക്കുകയായിരുന്നു തോപ്പിൽ ഭാസിയെന്ന കെ.ഭാസ്കരപിള്ള. സ്ഥാനാർഥിയായതോടെ പ്രചാരണ യാത്രകൾക്കായി ഒരു പഴയ ഓസ്റ്റിൻ കാർ തോപ്പിൽ ഭാസി വാങ്ങി. ഡ്രൈവർ കം- മെക്കാനിക്കായി തഴവയിലുള്ള ചെല്ലപ്പനും ഒപ്പം കൂടി. കാർ ഇടയ്ക്കിടെ പണിമുടക്കും. അപ്പോൾ സ്ഥാനാർഥി കാറിനു പുറത്തിറങ്ങി കടകളിലും വീടുകളിലും വോട്ട് ചോദിക്കും.
ഇത് പതിവായതോടെ സ്ഥാനാർഥിയെ അറിയാത്തവരില്ലാതെയായി. എതിർ സ്ഥാനാർഥി പുഷ്പത്തടം രാഘവന്റേതു പുത്തൻ കാറായതിനാൽ തോപ്പിൽ ഭാസിയും പഴഞ്ചൻ കാറും വോട്ടർമാരുടെ സഹതാപം നേടി.
പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു കാറിൽ വള്ളികുന്നത്തെ പ്രസംഗം കഴിഞ്ഞു ഭരണിക്കാവിൽ പ്രസംഗിക്കാനായി വരികയായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനത്തിന് വഴിയൊരുക്കാൻ പൊലീസ് വഴിയിലെ വാഹനങ്ങളെല്ലാം തടഞ്ഞു. എന്നാൽ തോപ്പിൽ ഭാസി കാർ റോഡിനു വിലങ്ങനെയിടാൻ ചെല്ലപ്പനോടു പറഞ്ഞു. പ്രധാനമന്ത്രിയാണു വരുന്നതെന്നു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ ‘ഈ മണ്ഡലത്തിലെ സ്ഥാനാർഥിയുടെ കാർ മാറ്റാൻ പ്രധാനമന്ത്രിക്കും അധികാരമില്ല’ എന്നായിരുന്നു ഭാസിയുടെ മറുപടി. കമ്യൂണിസ്റ്റുകാർ അനുകൂലിച്ചും കോൺഗ്രസുകാർ എതിർത്തും എത്തിയതോടെ സംഭവം കൈവിട്ടു.
കാര്യമറിഞ്ഞ നെഹ്റു പറഞ്ഞു, ‘ഞാൻ പ്രധാനമന്ത്രിയെന്ന നിലയിലല്ല, കോൺഗ്രസ് പ്രവർത്തകനായിട്ടാണു പ്രചാരണത്തിനു വന്നത്. എതിർ സ്ഥാനാർഥിക്ക് ഒരു തടസ്സവും ഉണ്ടാക്കാൻ പാടില്ല.’ തുടർന്നു ജനങ്ങളും പൊലീസും ചേർന്നു തള്ളി കാർ സ്റ്റാർട്ടാക്കിയാണു രംഗം ശാന്തമാക്കിയത്.
ശൂരനാട് കൊലക്കേസിലെ പ്രതികളിൽ ഒരാളായി വിചാരണ നടക്കവേയാണു തോപ്പിൽ ഭാസി മത്സരിച്ചത്. അതിനാൽ ‘കൊലയാളി കമ്യൂണിസ്റ്റിനു വോട്ടില്ല’ എന്നതായിരുന്നു കോൺഗ്രസ് മുദ്രാവാക്യം. ദ്വയാംഗ മണ്ഡലമായതിനാൽ സംവരണ സീറ്റിൽ കെ.കെ.കോയ്ക്കൽ കൂടി സിപിഐ സ്ഥാനാർഥിയായി മത്സരിച്ചു. തിരഞ്ഞെടുപ്പിൽ ഭാസി വിജയിച്ചു.നാടകത്തിലും സിനിമയിലും അവിസ്മരണീയമായ സംഭാവന നൽകിയ തോപ്പിൽ ഭാസിയുടെ നൂറാം ജന്മദിനമാണ് ഇന്ന്.