ഹൈക്കോടതി അനുമതിയായി; റമസാൻ–വിഷു ചന്ത ഇന്നുമുതൽ
Mail This Article
കൊച്ചി ∙ സർക്കാരിന്റെ സാമ്പത്തിക ഇടപെടൽ ഇല്ലാതെ റമസാൻ– വിഷു ചന്തകൾ നടത്താൻ കൺസ്യൂമർഫെഡിനു ഹൈക്കോടതി അനുമതി നൽകി. ഇന്ന് ഉച്ചമുതൽ 300 വിഷു ചന്തകൾ പ്രവർത്തിക്കുമെന്നു കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് അറിയിച്ചു. നേരത്തേ തീരുമാനിച്ച സഹകരണ സ്ഥാപനങ്ങളിലും താലൂക്ക് അടിസ്ഥാനത്തിൽ ഒന്നു വീതവുമുണ്ടാകും. 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ലഭിക്കും.
ചന്തകൾ ‘സർക്കാർ സ്പോൺസേഡ്’ ആണെന്ന തരത്തിൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള പ്രചാരണം പാടില്ലെന്നു കോടതി നിർദേശിച്ചു. ഏതെങ്കിലും തരത്തിൽ ചട്ടലംഘനമുണ്ടായാൽ തിരഞ്ഞെടുപ്പു കമ്മിഷന് ഇടപെടാം. തിരഞ്ഞെടുപ്പു കഴിയുംവരെ സർക്കാർ സബ്സിഡിക്കു വിലക്കുണ്ട്. തിരഞ്ഞെടുപ്പിനു ശേഷം കൺസ്യൂമർഫെഡിനു സർക്കാരിനോടു തുക ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു.
ചന്തകൾക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചതിനെതിരെ കൺസ്യൂമർഫെഡ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. സർക്കാർ സബ്സിഡിയിൽ ചന്തകൾ നടത്തുന്നതു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനമാകുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ദീപു ലാൽ മോഹൻ വാദിച്ചു. കൺസ്യൂമർഫെഡ് വാങ്ങിയ നിലയ്ക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നതിൽ എതിർപ്പില്ലെന്നും പറഞ്ഞു.
സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ആശ്വാസമാകുന്ന സ്പെഷൽ ചന്തകളുടെ നടത്തിപ്പ് സർക്കാരോ രാഷ്ട്രീയ പാർട്ടികളോ പ്രചാരണായുധമാക്കരുതെന്നു ഹൈക്കോടതി വ്യക്തമാക്കി. ജനങ്ങൾക്ക് അവകാശപ്പെട്ടതു നൽകുന്നത് ഭരണനേട്ടമായി പറയാനാവില്ല. ജനങ്ങൾക്ക് അവശ്യ സേവനം നൽകുന്നതു സർക്കാരിന്റെ ഔദാര്യമല്ല, ബാധ്യതയാണെന്നു കോടതി ഓർമിപ്പിച്ചു.