ജെസ്ന കേസ്: അപായപ്പെടുത്തിയതാകാമെന്ന് പിതാവ്; വിശദാംശങ്ങൾ 19ന് വെളിപ്പെടുത്തും
Mail This Article
റാന്നി ∙ കാണാതായ കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിനെ അപായപ്പെടുത്തിയതാകാമെന്നും മുണ്ടക്കയം വിട്ടുപോയതായി കരുതുന്നില്ലെന്നും പിതാവ് ജയിംസ് ജോസഫ്. സിബിഐ ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകണമെന്ന തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദേശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജസ്ന മുണ്ടക്കയം വിട്ടിട്ടില്ലെന്നതു ബലമായ സംശയമാണ്. കോടതിയിൽ നൽകിയ ഹർജിയിൽ ഇതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിബിഐ അന്വേഷണത്തിൽ വിട്ടുപോയ വിവരങ്ങളാണു ഹർജിയിൽ ഉൾപ്പെടുത്തിയത്. എല്ലാ അന്വേഷണ റിപ്പോർട്ടുകളും പരിശോധിച്ചാണു ഹർജി നൽകിയത്.
തുടക്കത്തിൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടായി. ആ ഘട്ടത്തിലാകാം ജെസ്നയെ അപായപ്പെടുത്തിയത്. ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനേയെന്നും പിതാവ് പറഞ്ഞു. കണ്ടെത്തിയ കൂടുതൽ വിശദാംശങ്ങൾ 19നു കോടതിയിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.