ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ കേസെടുക്കണമെന്ന ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി. പ്രതിപക്ഷ നേതാവ് കൈക്കൂലി വാങ്ങി എന്നായിരുന്നു പി.വി.അൻവർ നിയമസഭയിൽ ആരോപിച്ചത്. ഈ ആരോപണത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നായിരുന്നു തിരുവനന്തപുരം സ്വദേശി എ.എച്ച്.ഹഫീസിന്റെ ആവശ്യം. വിജിലൻസ് കേസെടുക്കാത്തതിനെത്തുടർന്നാണു പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

ഹർജിയിൽ ആരോപണം മാത്രമേയുള്ളൂ എന്നും തെളിവുകൾ ഹാജരാക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണു കോടതി തള്ളിയത്. പരാതിക്കാരന് ആരോപണങ്ങളുമായി ബന്ധമില്ലെന്നും പ്രസംഗത്തിന്റെ പേരിൽ എങ്ങനെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുമെന്നും ജഡ്ജി ചോദിച്ചു.

സിൽവർലൈൻ പദ്ധതി യാഥാർഥ്യമായാൽ കേരളം ഐടി ഹബ് ആയി മാറും. ഇതു തടയാൻ ബെംഗളൂരുവിലെ ഐടി കമ്പനികൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് 150 കോടി രൂപ കൈക്കൂലി നൽകി. ആ പണം മീൻവണ്ടിയിൽ കേരളത്തിലെത്തിച്ചു എന്നായിരുന്നു അൻവറിന്റെ ആരോപണം. കോടതി തെളിവ് ചോദിച്ചു. നൽകാൻ ഹർജിക്കാരനു കഴിഞ്ഞില്ല. വാർത്തകളിൽ ഇടം നേടാൻ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി വരരുതെന്നു കോടതി വിമർശിച്ചു.

അൻവർ നടത്തിയ പ്രസംഗം നിയമസഭയിൽ ആയതിനാൽ അന്വേഷണം നിയമസഭാ സാമാജികരുടെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാകാനിടയുണ്ടെന്നായിരുന്നു വിജിലൻസിന് ലഭിച്ച നിയമോപദേശം. അന്വേഷണം നടത്താത്തത് അതുകൊണ്ടാണെന്നു വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഹർജി തള്ളിയതിനെത്തുടർന്ന് ഹഫീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു പരാതി നൽകി.

English Summary:

Kerala's Silver Line Project Bribe Case Dismissed Due to Lack of Evidence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com