ADVERTISEMENT

പത്തനംതിട്ട ∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം (സിഎഎ) റദ്ദാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 

മുഖ്യമന്ത്രി പിണറായി വിജയനെ പ്രിയങ്ക രൂക്ഷമായി വിമർശിച്ചു. ‘‘എതിർടീമുമായി ഒത്തുകളിക്കുന്ന ഒരാളുണ്ടെങ്കിൽ ഒരിക്കലും ഫുട്ബോൾ മത്സരം ജയിക്കാൻ കഴിയില്ല. മുഖ്യമന്ത്രി ബിജെപിയുമായി ഒത്തുകളിക്കുകയാണ്. രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും മാത്രമാണു മുഖ്യമന്ത്രി ആക്രമിക്കുന്നത്. അദ്ദേഹം ബിജെപിക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല. മുഖ്യമന്ത്രിയുടെ പേര് പല അഴിമതിക്കേസുകളിലും ഉയർന്നുവന്നിട്ടുണ്ട്.

ലൈഫ് മിഷൻ, സ്വർണക്കടത്ത് തുടങ്ങി ഒട്ടേറെ അഴിമതിക്കേസുകളിൽ ഉൾപ്പെട്ടിട്ടും എന്തുകൊണ്ടാണ് നരേന്ദ്ര മോദി സർക്കാർ അദ്ദേഹത്തിനെതിരെ കേസ് എടുക്കുകയോ, റെയ്ഡ് നടത്തുകയോ ചെയ്യാത്തത്? കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തു കേരളത്തിലെ ബിജെപി പ്രസിഡന്റിനെ കൈയിൽ കോടികളുമായി പിടികൂടി. അദ്ദേഹത്തിനെതിരെ സംസ്ഥാന സർക്കാർ ഒരു നടപടിയും എടുത്തില്ല’’– പ്രിയങ്ക പറഞ്ഞു. 

രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്ധന വില കേരളത്തിലാണ്. നെല്ലിനു ന്യായവില ലഭിക്കുന്നില്ല, മത്സ്യത്തൊഴിലാളികൾക്ക് ഒരു സഹായവും കിട്ടുന്നില്ല. യുവജനങ്ങളിൽ മൂന്നിൽ ഒരാൾക്ക് കേരളത്തിൽ തൊഴിലില്ല. പാർട്ടിക്കാർക്ക് മാത്രമാണു കേരളത്തിൽ ജോലി കിട്ടുന്നത്. 21 ലക്ഷം മലയാളികൾ കേരളത്തിനു പുറത്തു ജോലി ചെയ്യുന്നുവെന്നാണു കണക്ക്. നാട്ടിൽ ജോലിയുണ്ടായിരുന്നെങ്കിൽ ഇവരാരും സ്വന്തം രാജ്യം വിട്ടുപോകില്ലായിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും കേന്ദ്ര സർക്കാരും നിശ്ശബ്ദരാണ്. റഷ്യയിലെ കൂലിപ്പട്ടാളത്തിൽ ചേരാൻ പോലും യുവാക്കൾ നിർബന്ധിതരാകുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണു കേരളത്തിലുള്ളതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 

∙ ‘കേരളം രാജ്യത്തിനു മാതൃകയാണ്. ഇവിടെ ജനം ഒരു കുടുംബം പോലെ കഴിയുന്നു. ഓണവും ക്രിസ്മസും ബക്രീദുമെല്ലാം ഒരുപോലെ ആഘോഷിക്കുന്നു. സമാധാനത്തിലും ഐക്യത്തിലും സാഹോദര്യത്തിലും ജീവിക്കേണ്ടത് എങ്ങനെയെന്നു മലയാളികൾ രാജ്യത്തിനു കാണിച്ചുകൊടുക്കുന്നു.’ – പ്രിയങ്ക ഗാന്ധി 

English Summary:

If comes into power will cancel Citizenship Amendment Act: Priyanka Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com