പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചു, പ്രദേശം ബാരിക്കേഡ് കെട്ടി അടച്ചു; പൂരം കലക്കി പൊലീസ്
Mail This Article
തൃശൂർ ∙ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചും പൊലീസ് പരിധിവിട്ടതോടെ തൃശൂർ പൂരത്തിനു സങ്കട സമാപ്തി. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ചു പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായി. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചു.
പുലർച്ചെ 3നു നടക്കേണ്ട വെടിക്കെട്ട് മാരത്തൺ ചർച്ചകൾക്കൊടുവിൽ 4 മണിക്കൂർ വൈകി പകൽവെളിച്ചത്തിൽ നടത്തേണ്ടിവന്നു. ഉറക്കമിളച്ചു കാത്തിരുന്നിട്ടും വെടിക്കെട്ടിന്റെ വർണഭംഗി ആസ്വദിക്കാൻ പൂരപ്രേമികൾക്കായില്ല.
പൂരം പ്രദർശനത്തിന്റെ തറവാടക ഉയർത്തിയും ആനയെഴുന്നള്ളിപ്പുകൾക്കു കടുത്ത നിയന്ത്രണമേർപ്പെടുത്തിയും പൂരം നടത്തിപ്പു പ്രതിസന്ധിയിലാക്കാൻ ശ്രമം നടക്കുന്നു എന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യമായിട്ടും പൂരത്തലേന്നുതന്നെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ തുടങ്ങിയിരുന്നു.
മഠത്തിൽവരവിനിടെ ഉത്സവപ്രേമികൾക്കു നേരെ കയർക്കാനും പിടിച്ചു തള്ളാനും മുന്നിൽനിന്നതു സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നേരിട്ടാണ്. പൂരത്തിന്റെ സുരക്ഷ ഭംഗിയായി നിർവഹിച്ചു പരിചയമുള്ള ഉദ്യോഗസ്ഥരെ പ്രധാന ചുമതലകളിൽ ഉപയോഗിച്ചില്ല. തിരുവമ്പാടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ച സമയത്തും ക്ഷേത്രനടയിൽ പൊലീസും ദേവസ്വം ഭാരവാഹികളുമായി തർക്കമുണ്ടായി.