തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക
Mail This Article
കോട്ടയം / തിരുവനന്തപുരം ∙ ബാലറ്റ് വീടുകളിലേക്ക് തപാൽ വഴി അയയ്ക്കില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം മൂലം, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് വോട്ടിനുള്ള അവസരം നഷ്ടമാകുമെന്ന് ആശങ്ക. ഉദ്യോഗസ്ഥരുടെ വോട്ട് അപേക്ഷകൾ അവരുടെ മാതൃജില്ലകളിൽ എത്തിച്ച് പോസ്റ്റൽ ബാലറ്റ് തയാറാക്കി, ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നത്.
-
Also Read
ശശി തരൂരിന് എതിരെ കേസെടുത്തു
വോട്ടിങ് സാമഗ്രികൾ കൈപ്പറ്റുന്ന വിതരണകേന്ദ്രങ്ങളോടു ചേർന്ന് ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിച്ചതിനാൽ കഴിഞ്ഞതവണ ഉദ്യോഗസ്ഥരുടെ പോളിങ് വർധിച്ചിരുന്നു. ഇക്കുറി പല വിതരണകേന്ദ്രങ്ങളിലും ഫെസിലിറ്റേഷൻ സെന്ററില്ല. സെന്ററുകൾ എവിടെ വേണമെന്നു കലക്ടർമാർക്കു നിശ്ചയിക്കാമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം. മിക്ക കലക്ടർമാരും റിട്ടേണിങ് ഓഫിസറുടെ ഓഫിസിനോടു ചേർന്നാണ് ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിച്ചിരിക്കുന്നത്.
വോട്ടെടുപ്പിന്റെ തലേദിവസമായ 25 വരെ ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ട് ചെയ്യാൻ അനുമതിയുണ്ട്. ആദ്യം 24 വരെയാണു നിശ്ചയിച്ചിരുന്നത്. എന്നാൽ അപേക്ഷകൾ മാതൃജില്ലകളിൽ എത്തിക്കുന്ന ജോലി പോലും പൂർത്തിയായിട്ടില്ല. ശനിയാഴ്ച വരെയാണ് അപേക്ഷകൾ സ്വീകരിച്ചിരുന്നത്. മൂന്നുദിവസമെങ്കിലും തുടർനടപടികൾക്കു വേണ്ടിവരും. പ്രധാന തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലേക്കു പ്രവേശിക്കേണ്ട ഉദ്യോഗസ്ഥരെല്ലാം ഇതുമൂലം വലയുകയാണ്.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്എസ്എസിൽ അവശ്യസേവന ജീവനക്കാരുടെ തപാൽ വോട്ടിങ് ഇന്നലെ 3 മണിക്കൂറോളം തടസ്സപ്പെട്ടു. ബാലറ്റ് എത്താത്തതാണു കാരണം. കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലെ ഉദ്യോഗസ്ഥർ വോട്ട് ചെയ്യാനാകാതെ മടങ്ങി.
തിരഞ്ഞെടുപ്പിനു ശേഷം ഫെസിലിറ്റേഷൻ സെന്ററുകൾ സജ്ജമാക്കുകയോ മുൻപത്തെപ്പോലെ വോട്ടെണ്ണൽ വരെ വോട്ടിങ് സമയം നീട്ടുകയോ ചെയ്യണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
വോട്ട് ചെയ്യാനാകാതെ 750 വനപാലകർ
കൊച്ചി ∙ പൊലീസിനൊപ്പം തിരഞ്ഞെടുപ്പു സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട 750 വനപാലകർ വോട്ട് ചെയ്യാനാകാതെ പ്രതിസന്ധിയിൽ. ഏതു മണ്ഡലത്തിലാണു ഡ്യൂട്ടി എന്നു വ്യക്തമാക്കിയുള്ള പോസ്റ്റിങ് ഓർഡർ ഇവർക്കു ലഭിച്ചിട്ടില്ല. ഇതുണ്ടെങ്കിൽ മാത്രമേ പോസ്റ്റൽ വോട്ടോ ഇഡിസി (ഇലക്‌ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ്) വോട്ടോ ചെയ്യാൻ കഴിയൂ.
ആൾക്ഷാമം മൂലം പൊലീസിന്റെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ഡ്യൂട്ടിക്കായി വനം വകുപ്പിൽനിന്ന് ഇക്കുറി 225 സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരെയും 525 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെയും അനുവദിച്ചത്. ജോലി ചെയ്യുന്ന അതേ ജില്ലയിൽ തന്നെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും. എന്നാൽ, തിരഞ്ഞെടുപ്പിനു തലേന്നു പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെത്തിയാൽ മാത്രമേ എവിടെയാണു ഡ്യൂട്ടിയെന്ന് അറിയാനാകൂ. അവശ്യ സർവീസുകളിലുള്ളവരുടെ വോട്ടിങ്ങിനു പ്രത്യേക സംവിധാനമുണ്ടെങ്കിലും നോഡൽ ഉദ്യോഗസ്ഥർ അറിയിക്കാത്തതിനാൽ ഈ സൗകര്യം വിനിയോഗിക്കാനും ജീവനക്കാർക്കായില്ല.