തൊഴിലില്ലായ്മ വേതന വിതരണത്തിലെ ക്രമക്കേട്: കോർപറേഷനിലെ 2 മുൻ ഉദ്യോഗസ്ഥർക്ക് 12 വർഷം കഠിനതടവ്
Mail This Article
തിരുവനന്തപുരം∙ കോർപറേഷനിലെ തൊഴിലില്ലായ്മ വേതന വിതരണത്തിൽ ഏകദേശം പതിനഞ്ചര ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിൽ രണ്ട് മുൻ ഉദ്യോഗസ്ഥർക്ക് 12 വർഷം കഠിനതടവ്. ഇവരിൽ നിന്നു മൊത്തം 12,80,000 രൂപ പിഴയായി ഈടാക്കാനും വിജിലൻസ് എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്ജി എം.വി.രാജകുമാര ഉത്തരവിട്ടു. കോർപറേഷനിലെ അക്കൗണ്ട്സ് വിഭാഗം ക്ലാർക്കായിരുന്ന പി.എൽ. ജീവൻ, ആരോഗ്യ വിഭാഗം ക്ലാർക്കായിരുന്ന സദാശിവൻ നായർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ഒന്നാം പ്രതി ജീവൻ 6,35,000 രൂപയും രണ്ടാം പ്രതി സദാശിവൻ നായർ 6,45,000 രൂപയും പിഴയായി ഒടുക്കണം. ജീവൻ കൃഷി വകുപ്പിൽ നിന്നും സദാശിവൻ നായർ നഗരകാര്യ വകുപ്പിൽ നിന്നും ഡപ്യൂട്ടേഷനിലാണ് കോർപറേഷനിലെത്തിയത്. ഇരുവരും സർവീസിൽ നിന്നു വിരമിച്ചു. തൊഴിലില്ലായ്മ വേതന വിതരണത്തിൽ (2005-2006 വർഷം) 15,45,320 രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (ഒന്ന്) കേസെടുത്തത്. കോർപറേഷനിലെ 20 ഹെൽത്ത് സർക്കിൾ സോണുകളിൽ വേതന വിതരണത്തിനു ശേഷം ബാക്കി വന്ന തുക ട്രഷറിയിൽ ഇവർ തിരിച്ചടച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.