സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം: ‘ബിഹാർ റോബിൻഹുഡ്’ ഉഡുപ്പിയിൽ പിടിയിൽ
Mail This Article
കൊച്ചി ∙ ബിഹാറിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറിലേറെ കിലോമീറ്റർ കാറോടിച്ച് എറണാകുളത്തെത്തി സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന് അതേ കാറിൽ കടന്ന പ്രതി 15 മണിക്കൂറിനുള്ളിൽ അറസ്റ്റിൽ. ‘ബിഹാറിന്റെ റോബിൻഹുഡ്’ എന്ന പേരിൽ കുപ്രസിദ്ധനായ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനെയാണു (37) കർണാടക ഉഡുപ്പിയിലെ കോട്ടയിൽ നിന്ന് ഉഡുപ്പി പൊലീസിന്റെ സഹായത്തോടെ കേരള പൊലീസ് പിടികൂടിയത്. നഷ്ടമായ ആഭരണങ്ങൾ പൂർണമായും പ്രതിയിൽ നിന്നു വീണ്ടെടുത്തതായാണു വിവരം.
മോഷണം നടന്നതിനു ശേഷമുള്ള സുവർണ മണിക്കൂറുകൾ (കുറ്റാന്വേഷണത്തിൽ ഗോൾഡൻ അവേഴ്സ് എന്നറിയപ്പെടുന്ന ആദ്യ മണിക്കൂറുകൾ) പാഴാക്കാതെ കൊച്ചി സിറ്റി പൊലീസിന്റെ മുഴുവൻ സംവിധാനവും ഉപയോഗപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ രംഗത്തിറങ്ങി നടത്തിയ ഊർജിത അന്വേഷണത്തിലാണു ഹൈടെക് കള്ളൻ കുടുങ്ങിയത്. ആളുകളുള്ള വീടുകളിൽ കയറി ആരുമറിയാതെ മോഷണം നടത്തുന്നതിൽ അതിവിദഗ്ധനാണു മുഹമ്മദ് ഇർഫാൻ.
ശനിയാഴ്ച പുലർച്ചെ 1.30നും രണ്ടിനും ഇടയിലാണ് എറണാകുളം പനമ്പിള്ളിനഗർ 10 ബി ക്രോസ് റോഡ് 10 ബിയിലുള്ള ജോഷിയുടെ വസതിയിൽ മോഷണം നടന്നത്.
ശനിയാഴ്ച വൈകിട്ട് 5ന് തന്നെ പ്രതി പൊലീസിന്റെ വലയിലായി. ജോഷിയുടെ വീട്ടിലും സമീപത്തുമുള്ള സിസിടിവികളിൽ നിന്നു പ്രതിയുടെയും ഇയാൾ സഞ്ചരിച്ചിരുന്ന കാറിന്റെയും ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. സംഭവസമയത്തു സംഭവസ്ഥലത്തുണ്ടായിരുന്നതും പിന്നീടു ജില്ലയ്ക്കു പുറത്തേക്കു പോയതുമായ മൊബൈൽ ഫോണുകളുടെ വിവരങ്ങൾ കൂടി ലഭിച്ചതോടെ പ്രതിയിലേക്കെത്തിയ പൊലീസ് ഇയാൾ ഉഡുപ്പിക്കു സമീപമുണ്ടെന്നും കണ്ടെത്തി. വഴിയിലെ പൊലീസ് പരിശോധന ഒഴിവാക്കാൻ കാറിന്റെ മുന്നിൽ ‘അധ്യക്ഷ്, ജില്ലാ പരിഷത്’ എന്നെഴുതിയ ചുവന്ന ബോർഡ് പ്രതി സ്ഥാപിച്ചിട്ടുണ്ടെന്ന വിവരവും ലഭിച്ചിരുന്നു. ഈ വിവരങ്ങളെല്ലാം ഉടനടി ഉഡുപ്പി പൊലീസിനു കൈമാറുകയും ചെയ്തു. പ്രതി ഉഡുപ്പിയിൽ നിന്ന് കുന്ദാപുര ഭാഗത്തേക്കു ഓടിച്ചു വന്ന കാർ കോട്ട പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചു പോയി. തുടർന്ന് 4 കിലോമീറ്ററോളം സാഹസികമായി പിൻതുടർന്നാണു പ്രതിയെ വാഹനം ഉൾപ്പെടെ കസ്റ്റഡിയിലെടുത്തത്.
വിശദമായ ചോദ്യംചെയ്യലിനൊടുവിൽ കർണാടക പൊലീസ് ആക്ട് 98 പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. ഇന്നലെ രാവിലെ തൊണ്ടിമുതലുകൾ ഉൾപ്പെടെ പ്രതിയെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ ഉദ്യോഗസ്ഥർക്കു കൈമാറി. മൊബൈൽ ഫോണുകൾ, വാച്ചുകൾ, മോഷണ ഉപകരണങ്ങൾ തുടങ്ങി 74 സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുമായി സൗത്ത് പൊലീസ് ഇന്നലെ വൈകിട്ട് ഏഴോടെ കൊച്ചിയിലേക്കു തിരിച്ചിട്ടുണ്ട്. അന്വേഷണസംഘത്തലവനായ എറണാകുളം എസിപി പി.രാജ്കുമാറിനു മുൻപാകെ ഇന്നു രാവിലെ 10ന് പ്രതിയെ ഹാജരാക്കും. വെള്ളിയാഴ്ച വിമാനമാർഗം കൊച്ചിയിലെത്തി ഇടപ്പള്ളിയിലെ ജ്വല്ലറിയിൽ നിന്ന് ആഭരണം കവർന്ന ഇതരസംസ്ഥാനക്കാരായ 4 പേരെ ഇന്നലെ തൃശൂരിൽ നിന്നു പിടികൂടാനായതും സിറ്റി പൊലീസിന് അഭിമാന നേട്ടമായി.