ADVERTISEMENT

കൊച്ചി ∙ തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ വിജയിക്കാൻ സഹായിച്ചാൽ ലാവ്‌ലിൻ കേസ് അടക്കമുള്ളവ പിൻവലിക്കാമെന്നു മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനു വാഗ്ദാനം നൽകിയെന്നും ജയരാജൻ നിരസിച്ചുവെന്നും ദല്ലാൾ നന്ദകുമാർ അവകാശപ്പെട്ടു. കെ.സുധാകരൻ കോൺഗ്രസ് വിട്ടു ബിജെപിയിൽ‍ ചേർന്നു സംസ്ഥാന പ്രസിഡന്റാകാൻ തീരുമാനിച്ചിരുന്നുവെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പണം നൽകി പുതുച്ചേരി ലഫ്. ഗവർണറാകാൻ ശ്രമിച്ചെന്നും നന്ദകുമാർ ആരോപിച്ചു.  

തൃശൂരിൽ ബിജെപിയെ സഹായിച്ചാൽ പകരമായി ലാവ്‍ലിൻ, സ്വർണക്കടത്ത് കേസുകളും ജയരാജന്റെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അവസാനിപ്പിക്കാമെന്നു ജാവഡേക്കർ വാഗ്ദാനം നൽകി. എന്നാൽ, വൈദേകത്തെ ഇതുമായി കൂട്ടിക്കെട്ടേണ്ടെന്നും അതു തന്റെ ഭാര്യയുടെ സമ്പാദ്യം ഉപയോഗിച്ചുള്ളതാണെന്നുമായിരുന്നു ജയരാജന്റെ നിലപാട്. അന്വേഷണം നേരിടുന്നതിനു തയാറാണെന്നും ജയരാജൻ ജാവഡേക്കറോടു പറഞ്ഞു – നന്ദകുമാർ അവകാശപ്പെട്ടു. 

ശോഭ സുരേന്ദ്രനു ബിജെപിയിൽ മുന്നോട്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിലാണു പണം കൊടുത്തു പുതുച്ചേരി ലഫ്. ഗവർണർ സ്ഥാനം നേടാൻ ആലോചിച്ചത്. സ്വന്തം കൈവശം 80 ലക്ഷം രൂപയുണ്ടെന്നും 20 ലക്ഷം രൂപ കൂടി അതിന് ആവശ്യമാണെന്നും ശോഭ പറഞ്ഞപ്പോഴാണു താൻ 10 ലക്ഷം രൂപ നൽകിയത് – നന്ദകുമാർ പറയുന്നു.

നന്ദകുമാറിനെ അറസ്റ്റ് ചെയ്യണം: ശോഭ

ആലപ്പുഴ ∙ ആരോപണങ്ങൾക്ക് അടിസ്ഥാനമായ രേഖകൾ നന്ദകുമാർ ഹാജരാക്കണമെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴയിലെ എൻഡ‍ിഎ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ‘ആലപ്പുഴയിൽ എന്നെ തോൽപിക്കാൻ സിപിഎം നന്ദകുമാറിനെ രംഗത്തിറക്കിയിരിക്കുകയാണ്.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയാണു നന്ദകുമാർ നടത്തിയത്. നന്ദകുമാറിനെതിരെ ഡിജിപിക്കും ദേശീയ വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. നന്ദകുമാറിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു’– ശോഭ പറഞ്ഞു.

English Summary:

Dallal Nandakumar said that Prakash Javadekar said if CPM helps BJP to win in Thrissur, cases will be withdrawn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com