കലാശക്കൊട്ടിനു ശേഷം വീണ രാഷ്ട്രീയ ബോംബ്; ഇ.പി സംശയക്കൂട്ടിൽ, സിപിഎമ്മിന് തലവേദന
Mail This Article
തിരുവനന്തപുരം ∙ ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാ യുദ്ധം നടത്തുന്നതിന്റെ പേരിൽ വോട്ടു ചോദിച്ച ഇടതുമുന്നണിയുടെ കൺവീനർ തന്നെ ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി. ഇന്നത്തെ കോൺഗ്രസ് നേതാക്കൾ നാളത്തെ ബിജെപിക്കാരെന്ന ആക്ഷേപം സിപിഎം ഉയർത്തുമ്പോഴാണ് ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ ഉണ്ടായത്. അതേസമയം, ബിജെപിയുടെയോ സിപിഎമ്മിന്റെയോ മറ്റു നേതാക്കൾ ഇതിൽ കക്ഷി ചേർന്നിട്ടില്ല.
-
Also Read
ലക്ഷം വോട്ടുറപ്പിച്ച് പ്രവാസികൾ
പേരു പറയാതെ കഴിഞ്ഞ ചൊവ്വാഴ്ച ശോഭ നടത്തിയ ആദ്യ പ്രതികരണത്തിൽ നേതാവ് ഇ.പി.ജയരാജനാണെന്ന സൂചനകൾ അടങ്ങിയിരുന്നു. ഇ.പിയുമായി സൗഹൃദമുണ്ടെന്ന് പരസ്യമായി അവകാശപ്പെട്ടിട്ടുള്ള ദല്ലാൾ നന്ദകുമാറാണ് ചർച്ചയ്ക്കു മധ്യസ്ഥത വഹിച്ചതെന്ന ശോഭയുടെ വാക്കുകൾ മാത്രമല്ല അതിനു കാരണമായത്; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്ര തൃശൂരിൽ വന്ന ദിവസമാണ് ഇതു സംബന്ധിച്ച ചർച്ച നടന്നതെന്ന അവരുടെ വെളിപ്പെടുത്തൽ കൂടിയാണ്. 2023 മാർച്ചിൽ നടന്ന ഗോവിന്ദന്റെ യാത്രയോടു തുടക്കത്തിൽ നിസ്സഹകരിച്ച ഇ.പി പിന്നീട് പാർട്ടി കണ്ണുരുട്ടിയപ്പോഴാണ് തൃശൂരിലെത്തി ആദ്യമായി അതിന്റെ ഭാഗമായത്.
ഇതു മനസ്സിൽ വച്ചു തന്നെയാണ് ചൊവാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ ശോഭ അക്കാര്യം പറഞ്ഞത്. അതിനു ശേഷം ഡൽഹിയിലും ചർച്ച നടന്നെന്നും ഇക്കാര്യം അറിഞ്ഞ സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ജയരാജൻ പിന്മാറിയെന്നുമാണ് ശോഭയുടെ ആരോപണം.
ശോഭയുടെ വാക്കുകൾ ജയരാജൻ നിഷേധിച്ചു. ജയരാജന്റെ മകൻ ശോഭയ്ക്ക് അയച്ചുവെന്നു പറയുന്ന ‘എന്റെ നമ്പർ നോട്ട് ചെയ്യൂ’ എന്ന വാട്സാപ് സന്ദേശം അവരുടെ വലിയ ആരോപണത്തെ സാധൂകരിക്കാൻ ഉതകുന്നതുമല്ല. എന്നാൽ, അവർ ഈ ചർച്ചകൾ നടന്നതായി പറയപ്പെടുന്ന സന്ദർഭം സന്ദേഹം ഉയർത്തുന്നാണ്. പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതോടെ ആ നേതൃത്വവുമായി ഇ.പി പൂർണമായും തെറ്റിയിരുന്നു.
തനിക്കു വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന കടുത്ത ആരോപണം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജൻ ഉന്നയിച്ചത് ഗോവിന്ദന്റെ അറിവോടെയാണെന്നും ജയരാജൻ സംശയിച്ചു. ഈ പിണക്കം പിന്നീട് നിസ്സഹകരണമായി. ചികിത്സയ്ക്കെന്ന പേരിൽ അവധിയെടുത്തു പാർട്ടി കമ്മിറ്റി യോഗങ്ങളിൽ നിന്നു വിട്ടുനിന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയം അന്വേഷിച്ച പാർട്ടി കമ്മിഷനോടു പോലും സഹകരിച്ചില്ല. കൺവീനറായ ജയരാജൻ ഇങ്ങനെ ഉടക്കി നിന്നത് എൽഡിഎഫിനെ തന്നെ ബാധിച്ചു. ഇതോടെ കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി എന്തിനുള്ള പുറപ്പാടാണെന്ന സന്ദേഹം ഉയർന്നു. ഈ സമയത്ത് എന്തെങ്കിലും പ്രലോഭനങ്ങൾ ജയരാജനു ലഭിച്ചോയെന്നും ഒരു ഘട്ടത്തിൽ അതിന് അദ്ദേഹം വശംവദനായോ എന്നുമുള്ള സന്ദേഹമാണ് ശോഭയുടെ വെളിപ്പെടുത്തൽ ഉയർത്തുന്നത്.