ഇനി ഫ്ളക്സ് സീഡ് ഇങ്ങനെ കഴിച്ചോളൂ; തടി പെട്ടെന്ന് കുറയ്ക്കാം
Mail This Article
തടികുറയ്ക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തുന്ന പ്രധാന ഐറ്റം കൂടിയാണ് ഫ്ളക്സ് സീഡ് അല്ലെങ്കിൽ ചണവിത്ത്.. കാഴ്ചയില്‍ മുതിര എന്നു തോന്നിക്കുന്ന ഇത് ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നവുമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നവരിൽ പൊണ്ണത്തടി ഉണ്ടാകാതെ സംരക്ഷിക്കാൻ ഫ്ലാക്സ് സീഡിനു കഴിയുമെന്നു പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.തവിട്ട്, സ്വര്‍ണ നിറങ്ങളില്‍ ലഭ്യമാകുന്ന ഫ്ളാക്സ് വിത്തുകളില്‍ പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കൊളസ്ട്രോളും രക്തസമർദവും എല്ലാം കുറയ്ക്കാൻ ഇത് നല്ലതാണ്.
ഫ്ളാക്സ് വിത്തിലെ ഫൈബര്‍ തോത് വിശപ്പ് നിയന്ത്രിക്കുന്നു. ഭാരം നിയന്ത്രിക്കാനുള്ള ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നവര്‍ ഇതിനാല്‍ ഫ്ളാക്സ് വിത്തുകള്‍ തീര്‍ച്ചയായും അതില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇനി ഫ്ളക്സ് എങ്ങനെ കഴിക്കാം എന്നു നോക്കാം. സ്മൂത്തികളിലും സാലഡിലും യോഗര്‍ട്ടിലും ബേക്ക് ചെയ്ത ഭക്ഷണത്തിലും വെജ്, മീറ്റ് പാറ്റികളിലുമെല്ലാം ഫ്ളാക്സ് വിത്തുകള്‍ ചേര്‍ക്കാന്‍ സാധിക്കും.
ഫ്ളക്സ് സീഡ് ലഡു
കാൽ കപ്പ് ഫളക്സ് സീഡ് ഒരു ചട്ടിയിൽ വറുത്തെടുക്കാം. ചൂടാകുമ്പോൾ ഫ്ളക്സ് സീഡ് പൊട്ടും അപ്പോൾ മാറ്റാം. അതേ ചട്ടിയിൽ ഇത്തിരി ബദാം, കശുവണ്ടി തൊലി കളഞ്ഞ നിലക്കടല, അതും വറുത്തെടുക്കാം. ശേഷം വെളുത്ത എള്ളും വറുത്തെടുക്കണം. എള്ള് ഒഴികെ ബാക്കിയുള്ളവ മിക്സിയിൽ പൊടിച്ചെടുക്കാം. തരുതരുപ്പായി പൊടിക്കണം. ശേഷം മധുരം വേണമെങ്കിൽ ഇത്തിരി ശർക്കര പാനി തയാറാക്കി പൊടിയിൽ ചേർക്കാം. ആവശ്യത്തിനുള്ള നെയ്യും വറുത്ത എള്ളും ചേർത്ത് നന്നായി യോജിപ്പിച്ച് ഉരുളകളാക്കി എടുക്കാം. ഹെൽത്തി ലഡു റെഡി.
ഫ്ളക്സ് സീഡ് ചപ്പാത്തി
ഫ്ളക്സ് സീഡിന്റെ പൊടി ഗോതമ്പ് പൊടിയുടെ കൂടെ ചേർത്ത് ചപ്പാത്തി ഉണ്ടാക്കാവുന്നതാണ്. ഒരു ചെറിയ ബൗളിൽ രണ്ട് ടേബിൾ സ്പൂൺ വെള്ളം ഒഴിക്കുക. അതിലേക്ക് 1/2 ടീസ്പൂൺ ഉപ്പു ചേർത്ത് അലിയിപ്പിക്കുക. ഇനി കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ഫ്ലാക്സ് സീഡ് ഇടുക, ഇതിലേക്ക് ഉപ്പുവെള്ളം ഒഴിച്ചുകൊടുത്ത് ഇളക്കി യോജിപ്പിക്കുക.6-7 മിനിറ്റ് കഴിഞ്ഞാൽ ഫ്ലാക്സ്സീഡ് നന്നായി പൊട്ടും ഇതാണ് ഫ്ലാക്സ്സീഡ് തയാറായതിന്റെ പാകം. ചൂടാറിയ ശേഷം കുപ്പിയിൽ ഇട്ട് ദിവസങ്ങളോളം കഴിക്കാം. ഇത് വെറുതെ കഴിക്കാൻ ഏറെ രുചികരമാണ്. അതുകൂടാതെ സാലഡിനും ലഡുവിലുമൊക്കെ ചേർക്കാവുന്നതാണ്.